Connect with us

Kozhikode

പുതുപ്പാടിയിലെ വാഹനാപകടം: നടുക്കം മാറാതെ യാത്രക്കാര്‍

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി എലോക്കരയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബസ് യാത്രക്കാര്‍ അപകടം നേരില്‍കണ്ടതിന്റെ നടുക്കത്തില്‍. ബസിനുനേരെ കുതിച്ചുവരുന്ന ടിപ്പര്‍ കണ്ടപാടെ പലരും ബഹളം വെച്ചിരുന്നുവെന്നും നിമിഷങ്ങള്‍ക്കകം ടിപ്പര്‍ ബസിനുള്ളിലേക്ക് ഇടിച്ചുകയറികഴിഞ്ഞിരുന്നുവെന്നും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.
ക്വാറി വേസ്റ്റുമായി പോകുകയായിരുന്ന ടിപ്പര്‍ലോറിയാണ് അമ്പലവയലില്‍നിന്ന് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചത്. ടിപ്പറിലുണ്ടായിരുന്ന ക്വാറി വേസ്റ്റ് ബസിലെ മുന്‍നിരയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിച്ചതോടെ ബസില്‍നിന്ന് കൂട്ടക്കരച്ചില്‍ ഉയരുകയായിരുന്നു. പരുക്കേറ്റ ബസ് യാത്രക്കാരെ പോലീസ് ജീപ്പിലും സ്വകാര്യ വാഹനങ്ങളിലുമായാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ പുതുപ്പാടി കാക്കവയല്‍ നാട്ടിക്കല്ലുങ്ങല്‍ പ്രഫുല്‍ (29) നെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബസ് ഡ്രൈവര്‍ നടുക്കണ്ടി വെങ്ങാലി സുരേഷ് ബാബു (54), വടുവന്‍ചാല്‍ കമ്മിനിതോട്ടത്തില്‍ മാത്യു(53), ഫലോമിന(48), അനുമോള്‍(29), മനു(14), കുഴിയേടത്തുമീത്തല്‍ ഭാനുമതി(45), പുതുപ്പാടി ചെമ്പകശ്ശേരി സുകുമാരന്‍(65), മേപ്പാടി റിപ്പണ്‍ ആശാരിതൊടുകയില്‍ ഉനൈസ്, അമ്പലവയല്‍ തയ്യില്‍ അബ്ദുല്‍ മുനീര്‍(25), പറവൂര്‍ സ്വദേശി ആന്റണി(48), പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ നിസാര്‍(22), വടുവന്‍ചാല്‍ വടക്കേതോട്ടത്തില്‍ സാജിത(32), അമ്പലവയല്‍ നരിക്കൂര്‍ ഖദീജ(63), മണാശ്ശേരി മത്താലം അലീമ(45) താമരശ്ശേരി ചുങ്കം പനതോട്ടത്തില്‍ അഹമ്മദ്കുട്ടി(61), ഭാര്യ സുബൈദ(45), ഹംസ, വാസു തുടങ്ങിയ മുപ്പതോളം പേര്‍ക്കാണ് പരുക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. താമരശ്ശേരി ട്രാഫിക് എസ് ഐ ശ്രീധരന്റെ നേതൃത്വത്തില്‍ പോലീസും ഹോം ഗാര്‍ഡും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.