ബ്രസീല്‍ പ്രക്ഷോഭം: പരിഷ്‌കരണ പ്രഖ്യാപനങ്ങളുമായി പ്രസിഡന്റ്‌

Posted on: June 23, 2013 2:21 am | Last updated: June 23, 2013 at 2:21 am
SHARE

dilmaബ്രസീലിയ: രാജ്യവ്യാപകമായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പരിഷ്‌കരണ പ്രഖ്യാപനങ്ങളുമായി ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മാ റൂസെഫ് രംഗത്ത്. പൊതു ഗതാഗത സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ ഫണ്ട് ഉപയോഗിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും റൂസെഫ് വ്യക്തമാക്കി. പൊതു ഗതാഗത സര്‍വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായതോടെയാണ് പ്രഖ്യാപനവുമായി റൂസെഫും സര്‍ക്കാറും രംഗത്തെത്തിയത്. പ്രക്ഷോഭകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനായി പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് സന്നദ്ധരാകണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി ജനവിരുദ്ധമായ നടപടികള്‍ സ്വീകരിച്ച് വ്യാപകമായ തോതില്‍ ഫണ്ട് നീക്കിവെച്ചതോടെയാണ് പ്രക്ഷോഭം ആളിക്കത്തിയത്. പ്രധാന നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും. എണ്ണ വിപണനത്തില്‍ നിന്ന് ലഭിക്കുന്ന നികുതി തുക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും, ഡോക്ടര്‍മാര്‍ കുറവുള്ള ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രസിഡന്റ് നടത്തിയത്.
അതേസമയം, പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങള്‍ ഇന്നലെയും സ്തംഭിച്ചു. വിവിധയിടങ്ങളില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്.