Connect with us

Kerala

സര്‍ക്കുലര്‍ വിവാദമാകുന്നു; അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം/കോഴിക്കോട്: സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കുലറും വിവാദമാകുന്നു.
ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് മതസ്പര്‍ധയുണ്ടാക്കാന്‍ ചില മുസ്‌ലിംസംഘടനകള്‍ ശ്രമിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനൊപ്പം ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ കൂടി ചേര്‍ത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് അയച്ച് കൊടുത്തു. എന്നാല്‍, ഇങ്ങനെയൊരു റിപ്പോര്‍ട്ടോ സര്‍ക്കുലര്‍ അയച്ചതോ തന്റെ അറിവോടെയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പ്രതികരിച്ചു. താന്‍ ഇല്ലാത്ത സമയത്താണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്‍കുന്ന വിശദീകരണം.
ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങിയ സാഹചര്യമറിയില്ലെന്നും ആഭ്യന്തരവകുപ്പിന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് താഴെത്തട്ടിലേക്ക് നല്‍കേണ്ടകാര്യമില്ലെന്നും പ്രശ്‌നം പരിശോധിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കൊല്ലം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ആധാരം. സ്‌കൂളുകളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ചില മുസ്‌ലിം സംഘടനകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എഡ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പേര് പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ശിരോവസ്ത്ര വിവാദമുയര്‍ത്തി മതസ്പര്‍ധയുണ്ടാക്കാന്‍ ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
കൊല്ലം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ തട്ടമിട്ട് സ്‌കൂളില്‍ കയറിയാല്‍ അഞ്ച് രൂപ പിഴ ഈടാക്കുന്നതും കുട്ടികള്‍ ഗേറ്റിന് മുന്നില്‍ നിന്ന് തട്ടം ഊരി ബാഗില്‍ വെക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. ഈ വിവാദം മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. മറ്റു ചില വിദ്യാലയങ്ങളിലും സമാനസംഭവങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, മുസ്‌ലിം ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സ്വാര്‍ഥ താത്പര്യമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യസ വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ യു ഡി എഫുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിദ്യാഭ്യാസ മന്ത്രി മാത്രം തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവും പഠനവും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അത് അതിന്റെ വഴിക്കു നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest