Connect with us

National

ഗുജറാത്ത് എ ഡി ജി പിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published

|

Last Updated

അഹമ്മദാബാദ്: 2004ലെ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ഐ പി എസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയെയും മറ്റ് മൂന്ന് പേരെയും സി ബി ഐ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സി ബി ഐ പ്രത്യേക കോടതി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എസ് ഖുത്വാദാണ് എ ഡി ജി പി (ക്രൈം) പി പി പാണ്ഡെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കൂടുതല്‍ നടപടി ഒഴിവാക്കാന്‍ അടുത്ത മാസം 31നകം കോടതി മുമ്പാകെ കീഴടങ്ങാന്‍ പാണ്ഡെക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ നിര്‍ദേശ പ്രകാരം ഇശ്‌റത് ജഹാനും മറ്റ് മൂന്ന് പേരും എത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം കൈമാറിയത് പാണ്ഡെയായിരുന്നു. 2004 ജൂലൈ 15ന് ഇശ്‌റത് ജഹാനും പ്രാണേഷ് പിള്ളയെന്ന ജാവീദ് ശൈഖും അംജദ്അലി അക്ബറലി റാണയും സീശന്‍ ജോഹറും കൊല്ലപ്പെടുമ്പോള്‍ അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിലെ ജോയിന്റ് കമ്മീഷണറായിരുന്നു പാണ്ഡെ. ക്രൈം ബ്രാഞ്ച് സംഘമാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്.
പാണ്ഡെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം സി ബി ഐ ഹരജി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം രണ്ടിന് പാണ്ഡെക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ജി എല്‍ സിംഗാളിന് ശേഷം കുറ്റാരോപിതനാകുന്ന രണ്ടാമത്തെ ഐ പി എസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ.
അറസ്റ്റ് വാറണ്ടും എഫ് ഐ ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാണ്ഡെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം, ഗുജറാത്ത് ഹൈക്കോടതിയില്‍ ഇതുവരെ പാണ്ഡെ ഹരജി സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍, കേസില്‍ സി ബി ഐ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രത്യേക കോടതിക്ക് കത്തയച്ചിരുന്നു.