Connect with us

National

ബഹിഷ്‌കരണവുമായി പി എം കെ; കനിമൊഴിക്ക് മത്സരം കടുത്തതാകും

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത വ്യാഴാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പി എം കെ. ഡി എം കെക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പി എം കെയുടെ തീരുമാനം. ചെന്നൈയില്‍ നടന്ന പി എം കെയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസ്സാക്കി.
“ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്. ഭാവി തിരഞ്ഞെടുപ്പുകളില്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു.” പി എം കെയുടെ പ്രമേയം പറയുന്നു.
ഇതോടെ ഡി എം കെ സ്ഥാനാര്‍ഥി കനിമൊഴിക്ക് മത്സരം കടുത്തതാകും. പി എം കെയുടെ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നായിരുന്നു ഡി എം കെയുടെ പ്രതീക്ഷ. ഇനി അഞ്ച് എം എല്‍ എമാരുള്ള കോണ്‍ഗ്രസിന്റെ പിന്തുണ ഡി എം കെക്ക് അനിവാര്യമാണ്. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് തമിഴ്‌നാട്ടില്‍ ഇത്തരമൊരു അവസ്ഥ സംജാതമാകുന്നത്. ഒരു സീറ്റിനു വേണ്ടി പോരാട്ടം ശക്തമാകുന്നതും കോണ്‍ഗ്രസ് പിന്തുണ അനിവാര്യമാകുന്നതും ഇതാദ്യമായാണ്.
അതേസമയം, ഡി എം കെയെ പിന്തുണക്കുന്നതില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. കേന്ദ്രമന്ത്രിമാരായ ജയന്തി നടരാജനും വി നാരായണസ്വാമിയും ഡി എം കെക്ക് അനുകൂല നിലപാടെടുത്തപ്പോള്‍, കേന്ദ്രമന്ത്രി പി ചിദംബരവും മുന്‍ കേന്ദ്രമന്ത്രി ഇ വി കെ ഇളങ്കോവനും ടി എന്‍ സി സി നേതാവ് ബി എസ് ഗണദേശികനും ഡി എം ഡി കെയെ പിന്തുണക്കമെന്ന താത്പര്യക്കാരാണ്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയുമായുള്ള സഖ്യമേ ഉപകാരപ്പെടുകയുള്ളൂവെന്ന കാഴ്ചപ്പാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഡി എം കെക്ക് 23 എം എല്‍ എമാരാണ് ഉള്ളത്. ഡി എം ഡി കെയുടെ 29 എം എല്‍ എമാരില്‍ ഏഴ് പേര്‍ വിമതരാണ്. രാജ്യസഭയിലേക്കുള്ള ആറ് സീറ്റുകളില്‍ അഞ്ചെണ്ണവും ഭരണകക്ഷിയായ എ ഐ എ ഡി എം കെ ഉറപ്പിച്ചതാണ്. ഒരു സീറ്റില്‍ ഡി എം കെയും ഡി എം ഡി കെയും എ ഐ എ ഡി എം കെയുടെ പിന്തുണയുള്ള സി പി ഐയും മത്സരിക്കും. ചെറുകക്ഷികളായ മനിതനേയ മക്കള്‍ കക്ഷിയും പുതിയ തമിഴകവും ഡി എം കെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പി എം കെയുടെ പിന്തുണ അനിവാര്യമായിരുന്നു.

---- facebook comment plugin here -----

Latest