Connect with us

National

മോഡിയെ ലക്ഷ്യംവെച്ച് വീണ്ടും അഡ്വാനി

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ അഡ്വാനി വീണ്ടും രംഗത്ത്. പാര്‍ട്ടി സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി സഖ്യശക്തികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നുവെന്ന് അഡ്വാനി പറഞ്ഞു. നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിച്ചതില്‍ പ്രതിഷേധിച്ച് ജനതാദള്‍ യുനൈറ്റഡ,് എന്‍ ഡി എ വിട്ട പശ്ചാത്തലത്തില്‍ അഡ്വാനിയുടെ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
മുഖര്‍ജിയുടെ ആശയം ഇന്നും പ്രസക്തമാണ്. സുഹൃത്തുക്കളെ സൃഷ്ടിക്കാനാകണം പാര്‍ട്ടി ശ്രമിക്കേണ്ടത്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്നാണ് മുഖര്‍ജി നിര്‍ദേശിച്ചിരുന്നത്- പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരെ വേദിയിലിരുത്തി അഡ്വാനി പറഞ്ഞു. പാര്‍ട്ടി സ്ഥാപക നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ സ്വാഭാവികമായി പറഞ്ഞ വാക്കുകള്‍ എന്നതിലപ്പുറം മോഡിക്കെതിരായ നിലപാടുകള്‍ തുടരുന്നുവെന്ന സൂചനയാണ് ഈ പ്രസംഗം മുന്നോട്ട് വെക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ശ്യാമപ്രസാദ് മുഖര്‍ജി കാശ്മീര്‍ പ്രശ്‌നത്തില്‍ മുന്നോട്ട് വെച്ച നിലപാടുകളെക്കുറിച്ച് പറയുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാജ്‌നാഥ് സിംഗ,് രാഷ്ട്രീയ സഖ്യം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
മോഡിയെ ഉന്നത സ്ഥാനത്ത് അവരോധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് കടുത്ത പ്രതികരണം നടത്തിയ അഡ്വാനി പക്ഷേ ആര്‍ എസ് എസിന്റെ സമ്മര്‍ദത്തിന് വഴങ്ങി തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയിരുന്നു. പിന്നീട് ആര്‍ എസ് എസ് മുഖ്യന്‍ മോഹന്‍ ഭഗവത് അഡ്വാനിയെ വിളിപ്പിച്ച് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞിട്ടും അഡ്വാനി അടങ്ങിയിട്ടില്ലെന്നാണ് പുതിയ പ്രസംഗം സൂചിപ്പിക്കുന്നത്.

Latest