Connect with us

Sports

ബ്രസീല്‍ ഭരിക്കുന്നത് ഫിഫയെന്ന് റൊമാരിയോ

Published

|

Last Updated

റിയോ ഡി ജനീറോ: ഫിഫയാണ് ബ്രസീലിന്റെ യഥാര്‍ഥ പ്രസിഡന്റെന്ന് മുന്‍ ലോകകപ്പ് ഹീറോ റൊമാരിയോ. പൊതുജനത്തിന്റെ പണമെടുത്താണ് ലോകകപ്പ് സംഘടിപ്പിക്കാന്‍ പോകുന്നത്. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുള്ള പണമാണ് സര്‍ക്കാറും ഫിഫയും ചേര്‍ന്ന് അപഹരിക്കുന്നത്. ഇത് മര്യാദയില്ലാത്ത നടപടിയാണ്. ജനജീവിതത്തെ മാനിക്കാത്ത നടപടിയാണ്- റൊമാരിയോ കുറ്റപ്പെടുത്തി.
സ്റ്റേഡിയം നിര്‍മാണത്തിനും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകം തന്നെ ധാരാളം പണം ചെലവഴിച്ചു. എന്നിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. എട്ടായിരം പുതിയ സ്‌കൂളുകള്‍, 39000 സ്‌കൂള്‍ ബസുകള്‍, 28000 സ്‌പോര്‍ട്‌സ് കോര്‍ട്ടുകള്‍ നിര്‍മിക്കാമായിരുന്നു ഈ പണമുണ്ടെങ്കില്‍.
ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയം നിര്‍മാണത്തിന് ചെലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് പാവപ്പെട്ടവര്‍ക്കായി ഒന്നരലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാമായിരുന്നു. ഫുട്‌ബോള്‍ താരമോ, രാഷ്ട്രീയക്കാരനോ എന്നതിലുപരി താനൊരു ബ്രസീലിയനാണ്-റൊമാരിയോ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍സ് കപ്പിന് ശേഷം സ്റ്റേഡിയങ്ങള്‍ വീണ്ടും അറ്റക്കുറ്റപ്പണികള്‍ ചെയ്യേണ്ടി വരും. കാരണം, ഒരു സ്റ്റേഡിയവും പൂര്‍ണമായും സജ്ജമായിട്ടില്ല. അതായത് ലോകകപ്പിന് മുമ്പായിട്ട് ഒരു നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പിക്കാം. ഇതിനെല്ലാം, ഇനിയും പണം ആവശ്യമുണ്ട്. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ഖജനാവ് കാലിയായി. ഫിഫയാണ് രാജ്യം ഭരിക്കുന്നത്. അവര്‍ വന്ന് ഉത്തരവിടുന്നു രാഷ്ട്ര പ്രതിനിധികള്‍ അതനുസരിക്കുന്നു ഫിഫ ഇവിടെ വന്ന് സര്‍ക്കസ് നടത്തിപ്പോകുമെന്നല്ലാതെ രാഷ്ട്രത്തിന് ഒന്നും നല്‍കില്ല. നികുതി ഇളവനുവദിക്കുന്നതിലൂടെ ഫിഫക്കാണ് ലാഭം. ജനങ്ങള്‍ക്കൊരു നേട്ടവുമില്ല.
ലോകകപ്പ് നടത്തിപ്പില്‍ നിന്നുള്ള ലാഭത്തിന് ഫിഫ നികുതിയൊടുക്കേണ്ടതില്ലെന്ന ബില്‍ ബ്രസീല്‍ കോണ്‍ഗ്രസ് പാസാക്കി.

Latest