ഫിഫ അണ്ടര്‍ 20 ലോകക്കപ്പ്‌: സ്‌പെയിനിനും ഫ്രാന്‍സിനും ജയം

Posted on: June 23, 2013 12:46 am | Last updated: June 23, 2013 at 12:49 am
SHARE

france ghanaഇസ്താംബൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ദക്ഷിണകൊറിയ വിജയത്തുടക്കമിട്ടു. ഗ്രൂപ്പ് എയില്‍ സ്‌പെയിന്‍ 4-1ന് അമേരിക്കയെ തകര്‍ത്തപ്പോള്‍ ഫ്രാന്‍സ് 3-1ന് ഘാനയെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ 3-2ന് നൈജീരിയന്‍ വെല്ലുവിളി അതിജീവിച്ചപ്പോള്‍ ദക്ഷിണകൊറിയ 2-1ന് ക്യൂബക്കെതിരെ ജയം പൊരുതിയെടുത്തു.
യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ അഞ്ചാം മിനുട്ടില്‍ തന്നെ അമേരിക്കയുടെ വലകുലുക്കി. ജെസിയാണ് സ്‌കോറര്‍. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ജെസി ഇരട്ടഗോള്‍ തികച്ചപ്പോള്‍ ജെറാര്‍ഡ് ഡ്യുലോഫുവും (42,61) സ്‌പെയിനിനായി ഡബിള്‍ നേടി. എഴുപത്തേഴാം മിനുട്ടില്‍ ലൂയിസ് ഗില്‍ അമേരിക്കയുടെ ആശ്വാസ ഗോളടിച്ചു.
ബാഴ്‌സലോണയുടെ യുവതാരമായ ജെറാര്‍ഡ് ഡ്യൂലോഫുവിന്റെ അളന്നുമുറിച്ച ക്രോസില്‍ തലവെച്ചായിരുന്നു ജെസിയുടെ ആദ്യഗോള്‍. ഡ്യൂലോഫ് തകര്‍പ്പന്‍ മികവിലായിരുന്നു. രണ്ടാം ഗോള്‍ ബാഴ്‌സ ഫോര്‍വേഡിന്റെ മികവറിയിക്കുന്നതായിരുന്നു. ഇടത് വിംഗിലൂടെ ബോക്‌സിനുള്ളിലേക്ക് കയറി വന്ന ഡ്യൂലോഫ് വലങ്കാലനടിയിലൂടെ ഗോളി കോഡി ക്രോപറിനെ കീഴടക്കി. ആദ്യ പകുതിക്ക് പിരിയാനിരിക്കെ സ്‌പെയിനിന്റെ മൂന്നാം ഗോള്‍. റൈറ്റ് ബാക്ക് ജാവിയര്‍ മാന്‍ക്യുലോ ബോക്‌സിനുള്ളിലേക്ക് ഡ്രിബ്ലിംഗ് ചെയ്ത് കയറിയെത്തി ജെസിക്ക് ഗോളൊരുക്കി.
രണ്ടാം പകുതിയില്‍ യു എസ് എ കോച്ച് ടാബ് റമോസ് സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. രണ്ടാം പകുതി തുടങ്ങി പതിനഞ്ചാം മിനുട്ടില്‍ ഡ്യുലോഫു സ്‌പെയിനിന് നാലാം ഗോള്‍ നേടി. വ്യക്തിഗത മികവിലായിരുന്നു ഈ ഗോള്‍.
മാസ്റ്റര്‍ക്ലാസ് പ്രകടനം കാഴ്ചവെച്ച സ്‌പെയിനിന് ക്ലീന്‍ ഷീറ്റ് ജയം നിഷേധിച്ചത് ലൂയിസ് ഗിലിന്റെ 25 വാര അകലെ നിന്നുള്ള മിന്നും ഗോളായിരുന്നു. നാളെ ഫ്രാന്‍സിനെതിരെ തിരിച്ചുവരവ് ലക്ഷ്യമിട്ട് യു എസ് എ ഇറങ്ങുമ്പോള്‍ സ്‌പെയിന്‍ ഘാനയെ നേരിടും.
ഫ്രാന്‍സ്-ഘാന മത്സരത്തില്‍ നാലു ഗോളുകളും രണ്ടാം പകുതിയില്‍. ജെഫ്ര കൊന്‍ഡോബിയ (65), യായ സനോഗോ (68), ജീന്‍ ക്രിസ്റ്റഫ് ബാഹെബെക്ക് (79) ഫ്രാന്‍സിന് 3-0ന് ലീഡൊരുക്കി. എണ്‍പത്തഞ്ചാം മിനുട്ടില്‍ ബോകെ യിഡോമിലൂടെ ഘാന ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഫ്രാന്‍സ് പാഴാക്കി. തകര്‍ത്തു കളിച്ച ബാഹെബെക്ക് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം തുലച്ചിരുന്നു. 2009 ചാമ്പ്യന്‍മാരായ ഘാനക്ക് സ്‌പെയിനിനെ തോല്‍പ്പിച്ചാലെ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കൂ. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ആവേശം വിതറി. നൈജീരിയക്കെതിരെ പോര്‍ച്ചുഗല്‍ ആദ്യപകുതിയില്‍ 2-0ന് ലീഡെടുത്തു. എന്നാല്‍, ക്യാപ്റ്റന്‍ അബ്ദുള്‍ അജാഗുനിലൂടെ നൈജീരിയ 2-2ന് സമനില പിടിച്ചു. ആഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദത്തിന് ആയുസ് രണ്ട് മിനുട്ട് മാത്രം. ബ്രുമയിലൂടെ പോര്‍ച്ചുഗല്‍ വിജയഗോള്‍ നേടി. മുപ്പതാം മിനുട്ടില്‍ പറങ്കിപ്പടക്ക് ലീഡ് നേടിയ ബ്രൂമ ഇരട്ടഗോളോടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പതിയെ തുടങ്ങിയ പോര്‍ച്ചുഗല്‍ ആദ്യ ഗോളോടെയാണ് നിയന്ത്രണം പിടിച്ചത്. ക്യാപ്റ്റന്‍ മരിയോ ജോയുടെ പാസിലായിരുന്നു ബ്രുമയുടെ ലീഡ് ഗോള്‍. നാല് മിനുട്ടിനുള്ളില്‍ അലായെ രണ്ടാം ഗോള്‍ നേടി, 2-0. ബ്രുമയുടെ ഷോട്ട് നൈജീരിയ ഗോളി ഒകാനി തടുത്തിട്ടപ്പോള്‍ അലായെക്ക് തുറന്ന അവസരമൊരുങ്ങി. രണ്ടാം പകുതിയില്‍, 57,67 മിനുട്ടുകളില്‍ അബ്ദുള്‍ അജാഗുനിന്റെ ഗോളുകള്‍ നൈജീരിയക്ക് സമനിലയൊരുക്കി. രണ്ടാം പകുതിയില്‍ ആഫ്രിക്കന്‍ ടീം പോരാട്ടം കാഴ്ചവെച്ചിരുന്നു. റിക്കാര്‍ഡോയുടെ ത്രൂപാസില്‍ ബ്രൂമ വിജയഗോള്‍ നേടിയത് നൈജീരിയക്കാരെ നിരാശയിലാഴ്ത്തി. പത്ത് മിനുട്ട് ശേഷിക്കെ, ഹാട്രിക്കോടെ സമനിലയൊരുക്കാന്‍ നൈജീരിയന്‍ ക്യാപ്റ്റന് അവസരമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ ഗോളി സായുടെ മികവാണ് തടസ്സമായത്.
ക്യൂബക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം കൊറിയ രണ്ട് ഗോളടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. ഏഴാം മിനുട്ടില്‍ മെക്കല്‍ റയസിലൂടെ ക്യൂബ മുന്നിലെത്തി. അമ്പത്തൊന്നാം മിനുട്ടില്‍ വോന്‍ ചാംഹൂനിലൂടെ കൊറിയയുടെ തിരിച്ചുവരവ് (1-1). ഫൈനല്‍ വിസിലിന് ഏഴ് മിനുട്ട് ശേഷിക്കെ റ്യു സുംഗ്‌വൂ വിജയഗോള്‍ നേടി.