ചരിത്രം തിരുത്താന്‍ ഇംഗ്ലണ്ട്; കുതിപ്പ് തുടരാന്‍ ഇന്ത്യ

Posted on: June 23, 2013 6:03 am | Last updated: June 23, 2013 at 12:38 am
SHARE

dhoni and cookബിമിംഗ്ഹാം: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ അവസാന ജേതാക്കളെ ഇന്നറിയാം. ഫൈനലില്‍ ലോകചാമ്പ്യന്‍മാരും ഒന്നാം റാങ്കുകാരുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. 2002 ല്‍ ശ്രീലങ്കക്കൊപ്പം സംയുക്ത ജേതാക്കളായ ഇന്ത്യക്കാണ് ഇന്ന് സാധ്യത. കഴിഞ്ഞ രണ്ട് ദശകത്തിനിടെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ഫൈനലുകളില്‍ പരാജയപ്പെട്ട ചരിത്രം അലിസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ടിനെ വേട്ടയാടുന്നുണ്ട്. എന്നാല്‍, സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച ബൗളിംഗ് നിര ഇംഗ്ലണ്ടിന് പ്രതീക്ഷയേകുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെത്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും തമ്മിലുള്ള പോരാട്ടമായി ഫൈനല്‍ മാറും.
ഇന്ത്യ തന്നെയാണ് ഫേവറിറ്റ് ടീമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അഭിപ്രായപ്പെട്ടു. മികച്ച ബാറ്റിംഗ് നിരയുള്ള ഇന്ത്യ മികച്ച ക്രിക്കറ്റാണ് കാഴ്ചവെക്കുന്നത്. എന്നാല്‍, ഇംഗ്ലണ്ടില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ളത് കുക്കിന് പ്രതീക്ഷയേകുന്നു.
ഏകദിന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിന് എടുത്തുപറയാന്‍ കിരീടനേട്ടങ്ങളില്ല. 2004 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടത് ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ചരിത്രമാണ്.
കാണികള്‍ക്കൊരു ക്രിക്കറ്റ് വിരുന്നാകും ഫൈനലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. ഇംഗ്ലണ്ട് മികച്ച ടീമാണ്. നാട്ടിലെ സാഹചര്യം അവര്‍ക്കനുകൂലമാണ്. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം കാണാമെന്നും ധോണി.
2011 ല്‍ ലോകകപ്പ് നേടിയ ടീമിനേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. ഒട്ടും ഭയമില്ലാതെ, ആക്രമണോത്സുകതയോടെ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ മുമ്പ് കണ്ടിട്ടില്ല. ടൂര്‍ണമെന്റിന്റെ ടീം ധോണിയുടെതാണ്-വോന്‍ പറഞ്ഞു.
ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ ഏകദിന റാങ്കിങ്ങിനെ ന്യായീകരിക്കുന്നു. ലോക റാങ്കിങ്ങില്‍ ഒന്നാമന്മാരായ ഇന്ത്യയും(122 പോയന്റ്) രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും (114 ) ആധികാരിക ജയങ്ങളോടെയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. രണ്ട് സെമിഫൈനലുകളും ഏകപക്ഷീയമായിരുന്നു. ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് കിരീട ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയെ 75 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിന് തകര്‍ത്തത് ഞെട്ടിക്കുന്നതായി. കാര്‍ഡിഫില്‍ നടന്ന രണ്ടാം സെമിയില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്. 15 ഓവറുകള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം.
ഇന്ത്യ ഒറ്റ മത്സരവും തോല്ക്കാതെയാണ് ഫൈനലിലെത്തിയതെങ്കില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു. അതേ ലങ്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
ശക്തമായ ‘ബി’ ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ 26 റണ്‍സിനും വെസ്റ്റിന്‍ഡീസിനെയും പാക്കിസ്ഥാനെയും എട്ട് വിക്കറ്റിന് വീതവും പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ അതിശയിപ്പിക്കുന്ന പ്രകനടമാണ് യുവരക്തത്തിന് മുന്‍തൂക്കമുള്ള ടീം ഇന്ത്യയെ ശ്രദ്ധേയമാക്കുന്നത്. യുവ പേസര്‍മാരും ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.
ബാറ്റിങ്ങില്‍ നാല് കളികളില്‍ 110.65 റണ്‍സ് ശരാശരിയില്‍ 332 റണ്‍സ് വാരിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. രണ്ട്‌സെഞ്ച്വറിയും ഒരു അര്‍ധശതകവുമടങ്ങുന്നതാണിത്. മറ്റൊരു മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ധവാന് അര്‍ധശതകം കൈവിട്ടുപോയത്. രോഹിത് ശര്‍മയും വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കുമെല്ലാം താളം കണ്ടെത്തിയ ടൂര്‍ണമെന്റില്‍ റെയ്‌നയ്ക്കും ധോനിക്കും ജഡേജയ്ക്കുമൊന്നും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ലെന്നറിയുമ്പോഴാണ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന്റെ കരുത്ത് വ്യക്തമാകുക.
പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും ഇഷാന്തും ഉമേഷ് യാദവും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കുന്നു. സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി നിര്‍വഹിക്കുന്നു. ബൗളറുടെ റോളില്‍ ക്യാപ്റ്റന്‍ ധോണിയും തിളങ്ങിയിരിക്കുന്നു. ഫീല്‍ഡിംഗും ഉജ്വലം. സെമിയില്‍ വിരാട് കോഹ്‌ലി ഡീപ് ഫീല്‍ഡില്‍ ക്യാച്ച് വിട്ടതൊഴിച്ചാല്‍ ഇന്ത്യയുടെത് മികച്ച ഫീല്‍ഡിംഗ് പ്രകടനമായിരുന്നു.