Connect with us

Editorial

മൂന്നാം വര്‍ഷത്തിലെ സുതാര്യത

Published

|

Last Updated

siraj copyകേരളമെന്താ വെള്ളരിക്കാ പട്ടണമോ? വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്നുവെന്ന അവകാശവാദത്തിന്റെ നിറവിലാണ് ഈ ചോദ്യമുയരുന്നത്. വിഷയം സോളാര്‍ പാനല്‍ മുതല്‍ വൃക്കക്കച്ചവടം വരെയുള്ള ഇടപാടുകള്‍. കൊലക്കേസ് വേറെയുമുണ്ട്. പോരാത്തതിന് ലൈംഗികാരോപണവും. ബിജു രാധാകൃഷ്ണനും സരിത എസ് നായരും മുഴുനീള നായക നായിക കഥാപാത്രങ്ങളായുള്ള നാടകത്തില്‍ ഭരണ, പ്രതിപക്ഷത്തെ പ്രമുഖരും ഉദ്യോഗസ്ഥ മേധാവികളും അതിഥി താരങ്ങളായും പ്രത്യക്ഷപ്പെടുന്നു. ഈ കലാപരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നഷ്ടമായത് 1000 കോടിയാണെന്നും അതല്ല വെറും അഞ്ച് കോടി മാത്രമാണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകളുടെയും വഞ്ചനകളുടെയും പരമ്പരകള്‍ തന്നെയുള്ള ബിജു- സരിത നാടകത്തില്‍ സസ്‌പെന്‍ഷനിലാകുന്ന ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ ഫിറോസാണ്. തട്ടിപ്പു കേസില്‍ ബിജുവിനും സരിതക്കുമൊപ്പം ഫിറോസിനെ പ്രതിചേര്‍ത്ത വിവരം മറച്ചുവെക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫിറോസിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടാണ് ആരെല്ലാമോ ഇടപെട്ട് മുക്കിയത്. ഈ സംഭവത്തില്‍ പി ആര്‍ ഡി സെക്രട്ടറി റാണി ജോര്‍ജിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫിറോസിനെ ഈ അടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്തത്. പക്ഷേ, നടപടി ഇവിടം കൊണ്ട് തീരുമെന്ന് കരുതുകവയ്യ.
സൗരോര്‍ജം മോഹിപ്പിച്ച് ടീം സോളാര്‍ കമ്പനിയുടെ പേരില്‍ ബിജുവും സരിതയും നടത്തിയ വെട്ടിപ്പും തട്ടിപ്പും മുഖ്യമായും ഈ രംഗത്ത് തന്നെയാണെങ്കിലും അതിന്റെ വ്യാപ്തി മുഴുവനും ഇനിയും പുറത്തു വന്നിട്ടില്ല. ബിജുവും സരിതയും തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചിട്ടുണ്ട്. കുടുംബപ്രശ്‌നത്തിന് പരിഹാരം തേടിയാണ് ബിജു തന്നെ നേരില്‍ കണ്ടതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സ്വകാര്യ സംഭാഷണമെന്ന പേരില്‍ വെളിപ്പെടുത്തില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലിം രാജു എന്നിവരെ ഓഫീസില്‍ നിന്നും മാറ്റിനിര്‍ത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്റ്റാഫംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന പല കാര്യങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയുന്നില്ലെന്നത് വസ്തുതയാണ്.സ്റ്റാഫംഗങ്ങളെ മാറ്റി നിര്‍ത്തേണ്ടിവരുന്നത് ഈ ജാഗ്രതക്കുറവ്‌കൊണ്ടുതന്നെയാണ്. പൂര്‍ണ സുതാര്യതയുടെ വക്താവായ മുഖ്യമന്ത്രി തന്റെ ഓഫീസ് ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും തുറന്നുവെച്ചത് പൊതുജന സമ്പര്‍ക്കത്തിനായാണ്. പക്ഷേ, ഇത് ചിലര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെ പിരിച്ചുവിടേണ്ടിവന്നത് ഇതിന് തെളിവാണ്. ഏതായാലും സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം ആവശ്യപ്പെടുംപോലെ രാജിവെക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിയെ നിയമസഭക്കകത്തും പുറത്തും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭ പരിപാടികള്‍ അരങ്ങ് തകര്‍ക്കുകയും ചെയ്യുന്നു.
ആദ്യ ഭാര്യയെന്ന് അറിയപ്പെടുന്ന രശ്മിയുടെ മരണം ക്രൂരമായ കൊലപാതകമാണെന്ന് ബിജു സമ്മതിച്ചതായി പോലീസ് പറയുന്നു. അമ്മയെ കുളിമുറിയില്‍ കൊണ്ടിടുന്നത് കണ്ടുവെന്ന് രശ്മിയുടെ മകന്റെ മൊഴിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രശ്മി, സരിത എന്നിവര്‍ക്ക് പുറമെ നര്‍ത്തകിയും സിനിമാനടിയുമായ ശാലുവുമായും ബിജു ബന്ധം അവകാശപ്പെടുന്നുണ്ട്. രശ്മിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം 2006 ഫെബ്രുവരി നാലിനാണ് കിട്ടിയത്. പക്ഷേ, തുടര്‍നടപടി ഉണ്ടായില്ല. കൊലപാതക കുറ്റം ചുമത്തി ബിജുവിനെതിരെ കേസെടുക്കണമെന്ന് പോലീസ് സര്‍ജന്‍ നിര്‍ദേശിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇതാണോ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ധര്‍മം?. ഇക്കാര്യമറിയില്ലെന്ന് പറഞ്ഞ് രാഷ്ട്രീയ നേതൃത്വത്തിന് കൈ കഴുകാനാകില്ല.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജ്, പേഴ്‌സണല്‍ അസിസ്റ്റന്റ് ജിക്കുമോന്‍ ജേക്കബ് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തുകഴിഞ്ഞു. മറ്റൊരു പി എ ആയിരുന്ന ടെന്നി ജോപ്പനെ ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഇനിയും നീളുമെന്നിരിക്കെ, കേസിലെ പോലീസ് അന്വേഷണം ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതുപോലെ മൂന്ന് മാസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുകവയ്യ. കാര്യം നിസ്സാരമല്ലെന്ന് ചുരുക്കം. ജനക്ഷേമ ഭരണം മൂന്നാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ ഭരണകൂടത്തിന്റെ പ്രതിച്ഛായ മികച്ചതാണെന്ന് അവകാശപ്പെടുന്നതെങ്ങനെ?.

Latest