മലേഗാവ്: അറസ്റ്റ് സ്‌ഫോടനത്തിന് മുമ്പെന്ന് എന്‍ ഐ എ

Posted on: June 22, 2013 11:56 pm | Last updated: June 22, 2013 at 11:56 pm
SHARE

Police officials stand guard at a blast site outside a mosque in Malegaonമുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡി (എ ടി എസ്) ന്റെ കണ്ടെത്തലുകള്‍ക്ക് കടകവിരുദ്ധമായ വെളിപ്പെടുത്തലുമായി ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ ഐ എ). 2006ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ശാബിര്‍ മസീഉല്ലയെ സ്‌ഫോടനം നടക്കുന്നതിന് മുമ്പ് തന്നെ മുംബൈ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായാണ് എന്‍ ഐ എയുടെ വെളിപ്പെടുത്തല്‍. ബോംബ് സ്ഥാപിച്ചെന്ന് എ ടി എസ് ആരോപിക്കുന്ന സാഹിദ് മജീദ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും എന്‍ ഐ എ വെളിപ്പെടുത്തി.
മലേഗാവില്‍ ബോംബ് സ്ഥാപിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് മുസ്‌ലിം യുവാക്കളെ എ ടി എസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമ (മൊക്കോക്ക) പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു. മുംബൈയിലെ ലോക്കല്‍ ട്രെയിനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഇപ്പോഴും തടവിലാണ്.
തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്‌ഫോടനത്തിന്റെ മുഴുവന്‍ ആസൂത്രണവും നടത്തിയതെന്നാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നത്. ഇന്‍ഡോറിലെ സര്‍വസമ്പന്‍ നഗറില്‍ നിന്ന് യോജിപ്പിച്ച നാല് ബോംബുകള്‍ മനോഹര്‍ നര്‍വാരിയ, രാമചന്ദ്ര കല്‍സങ്ക്ര, ധാന്‍ സിംഗ്, രാജേന്ദ്ര ചൗധരി എന്നിവര്‍ മലേഗാവിലേക്കുള്ള സ്റ്റേറ്റ് ബസിലാണ് കൊണ്ടുവന്നത്. ഇവരില്‍ കല്‍സങ്ക്ര ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കെതിരെ എന്‍ ഐ എ മക്കോക്ക ചുമത്താതിരുന്നത് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയിട്ടുണ്ട്. കല്‍സങ്ക്ര, ധാന്‍ സിംഗ്, ലോകേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് 2006 ജൂണ്‍, ജൂലൈ മാസങ്ങളിലായി ബോംബുകള്‍ നിര്‍മിച്ചത്. നാല് ബോംബുകള്‍ സ്ഥാപിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. ബോംബുകള്‍ രണ്ട് പെട്ടികളിലാക്കി പൊതിഞ്ഞ ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നും കുറ്റപത്രത്തില്‍ എന്‍ ഐ എ പറയുന്നു.