Connect with us

Gulf

സൂര്യാഘാതം ശരീരത്തില്‍ സഹിക്കുമ്പോള്‍...

Published

|

Last Updated

ദുബൈ ഉള്‍പ്പെട്ട ഗള്‍ഫ് നഗരങ്ങളെല്ലാം കൊടും ചൂടിന്റെ പിടിയിലാണ്. പലപ്പോഴും കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും താപനിലയുടെ പരിഷ്‌ക്കരിച്ച വിവരങ്ങളുമെല്ലാം നോക്കുമ്പോള്‍ വേനല്‍ ദിനങ്ങള്‍ക്ക് ചൂട് വീണ്ടും കൂടാം.
നാല്‍പത് കടക്കുന്നതോടെ പത്രദൃശ്യ മാധ്യമങ്ങള്‍ ചൂടിനെ അളന്ന് തുടങ്ങും. വരാനിരിക്കുന്നത് അത്യുഷ്ണത്തിന്റെ ദിനങ്ങള്‍, ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു… അതങ്ങിനെ നീളും.
ചിലപ്പോള്‍ വിദൂരസ്ഥ മരുഭൂമികളില്‍ കുറച്ചുകൂടി വര്‍ധിച്ചുവെന്നിരിക്കാം. കെട്ടിടങ്ങളും ജലാശയങ്ങളും മരങ്ങളും നട്ട് വന്യമായ മരുഭൂമിയെ മെരുക്കാന്‍ ശ്രമിച്ചതിനാല്‍ നഗരങ്ങളിലും മനുഷ്യന്‍ കൂട്ടമായി ജീവിക്കുന്ന മറ്റിടങ്ങളിലും ചൂട് പലപ്പോഴും 50നും 60നും ഇടയില്‍ നില്‍ക്കുകയാണ് പതിവ്. മുമ്പ് 2008ലായിരുന്നു ആദ്യമായി താപനില 51 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി റിപോര്‍ട്ട് വന്നത്. അക്കാലമത്രയും 50ന് മുകളില്‍ താപനില വര്‍ധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാറില്ലായിരുന്നു. അന്ന് 70 വര്‍ഷത്തിനിടയിലെ കനത്ത ചൂടിനാണ് രാജ്യവും ഗള്‍ഫ് മേഖലയും സാക്ഷിയായതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
നാം ചൂടിനെക്കുറിച്ചും അത് സൃഷ്ടിച്ചേക്കാവുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ആശങ്കകള്‍ പങ്കിടുമ്പോള്‍ പൊള്ളുന്ന മരുക്കാട്ടില്‍ ആടുകളെയും ഒട്ടകങ്ങളെയും മേച്ച് നഗരമോ അപരരേയോ കാണാതെ കഴിയേണ്ടി വരുന്ന എത്രയോ ജന്മങ്ങളുണ്ട്. നാം എണ്ണപ്പണം സ്വരുക്കൂട്ടാനുള്ള ഓട്ടത്തിലായതിനാല്‍ അതൊന്നും കാണുന്നില്ലെന്ന് മാത്രം. ചിലപ്പോള്‍ കണ്ടിട്ടും ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ അറിഞ്ഞതായി ഭാവിക്കാത്തതുമാവാം.
മജ്ജയും മാംസവും ആവിയാക്കി ആധുനിക ലോകത്തിന്റെ യാതൊരു സ്പന്ദനവും അറിയാതെ കഴിയേണ്ടി വരുന്ന എത്രയോ ജന്മങ്ങള്‍…
അറേബ്യന്‍ മരുഭൂമിയുടെ ഉള്ളകങ്ങളില്‍ അത്തരം ജന്മങ്ങള്‍ ഏറെയുണ്ട്. മൊബൈല്‍ പോയിട്ട് റേഡിയോ പോലും സ്വന്തമായില്ലാതെ ജീവിക്കുന്നവര്‍. ഉറ്റവരോട് പോലും മാസങ്ങളോ വര്‍ഷങ്ങളോ ബന്ധമില്ലാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഓരോ ചൂടുകാലത്തെയും അവരെല്ലാം ശരീരത്തില്‍ ഏറ്റുവാങ്ങുകയാണ്. അതിന്റെ എല്ലാ തീക്ഷ്ണതകളോടും കൂടി.
വൈറ്റ് കോളര്‍ ജോലിക്കാരായ എത്ര മലയാളി കാണും സൂര്യാഘാതം നേരിട്ടനുഭവിച്ചവര്‍. അധികം വരില്ലെന്ന് ചുരുക്കം. നാം മലയാളിക്ക് ജീവിതം പലപ്പോഴും പൊള്ളുന്ന യാഥാര്‍ഥ്യങ്ങളില്‍ നിന്നും അകലം പാലിച്ചുള്ള ഒരു യാത്രയാണ്. പ്രത്യേകിച്ചും എഴുത്തും വായനയും പ്രതികരണ ശേഷിയുമുള്ള മധ്യ വര്‍ഗ മലയാളികള്‍ക്ക്.
എന്തിന് സ്വന്തമായി ഒരു ഗ്രാമമോ ഗ്രാമീണതയോ എന്നോ അന്യമായവരാണ് നമ്മളെന്ന് നാം തിരിച്ചറിയുന്നത് ഉത്തരേന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമെല്ലാം എത്തി ഗള്‍ഫില്‍ സഹവസിക്കുമ്പോഴാണ് ഗാവ്‌വാല(സ്വന്തം ഗ്രാമത്തില്‍ നിന്നോ നാട്ടില്‍ നിന്നോ ഉള്ളവന്‍)യാണെന്ന് അവര്‍ പറഞ്ഞാല്‍ നമ്മള്‍ ധരിക്കുക മൂന്നോ നാലോ കിലോമീറ്ററിനുള്ളിലോ രണ്ട് വീടുകള്‍ക്കപ്പുറമോ കഴിയുന്ന ആള്‍ എന്നാവും.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗാവ് വാലയെന്ന് പറയുന്ന രണ്ടു പേര്‍ക്കിടയില്‍ ചിലപ്പോള്‍ അന്‍പതോ നൂറോ കിലോമീറ്ററിന്റെ വ്യത്യാസം കാണുമെന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. കേരളം തീവണ്ടി ബോഗികള്‍ പോലെ ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേക്ക് നീളുന്ന പട്ടണങ്ങളുടെ തുടര്‍ച്ചയാണെന്ന് പഠനങ്ങള്‍ പറയുമ്പോള്‍ നമുക്ക് ഗ്രാമമെന്നത് ഇല്ലെന്ന് സമ്മതിക്കേണ്ടി വരുന്നു.
ഇന്ന് കേരളത്തിലും ഏറ്റവും അധികം വികസിക്കുന്ന വിപണിയായി ശീതീകരണികളുടെ കച്ചവടം മാറിയിരിക്കുന്നു. അധികം വൈകാതെ കേരളത്തിലും ചൂട് 40ഉം 45ഉം കടന്നേക്കാം. ലോകത്ത് മരുപ്രദേശങ്ങളിലാണ് സാധാരണയായി ചൂട് 45നും 50നും മുകളില്‍ അനുഭവപ്പെടാറ്. യു എ ഇയില്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പുറം ജോലികള്‍ മരവിപ്പിക്കണമെന്നാണ് നിയമം.
2008ലെ കൊടും ചൂടില്‍ നാലു മാസക്കാലം ഒരു നിര്‍മാണ കമ്പനിയുടെ സെയ്ഫ്റ്റി ഓഫീസറായി ജോലിക്കെത്തിയപ്പോഴാണ് മരുഭൂമിയിലെ വേനല്‍ചൂട് എന്താണെന്ന് അനുഭവിച്ചറിഞ്ഞത്. സുരക്ഷാ മാനദണ്ഡങ്ങള്‍ തൊഴിലാളികളും ജീവനക്കാരും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് വര്‍ക്ക് സൈറ്റിലെ മുക്കും മൂലയും പരതി ഉറപ്പാക്കലാണല്ലോ ഒരു സെയ്ഫ്റ്റി ഓഫീസറുടെ ജോലി.
ആളുകള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ടോ, സ്‌കഫോള്‍ഡിംഗുകള്‍ സജ്ജീകരിച്ചിരിക്കുന്നത് അപകട സാധ്യത ഒഴിവാക്കിയാണോ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഇന്ത്യക്കാരും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഉള്‍പ്പെട്ട ഏഷ്യന്‍ വംശജര്‍ക്ക് പൊതുവില്‍ ഇത്തരം ഉപകരണങ്ങള്‍(ഹെല്‍മറ്റ് ഉള്‍പ്പെടെ) ധരിക്കുകയെന്നത് കൊല്ലുന്നതിന് സമമാവുമ്പോള്‍ സുരക്ഷാ ഓഫീസറുടെ ഉത്തരവാദിത്വം പതിന്‍മടങ്ങായി വര്‍ധിക്കും. കണ്ണൊന്ന് തെറ്റിയാല്‍ ഗ്ലൗസും ഹെല്‍മറ്റും മാറ്റിവെച്ചേ ഇത്തരക്കാര്‍ ജോലി ചെയ്യൂ.
മലയാളികളും ഉത്തരേന്ത്യക്കാരുമായ തൊഴിലാളികളുമായി അവരുടെ ജോലിക്കിടയില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കേയാവും പെട്ടെന്ന് സംസാരം മുറിയുക. ചുറ്റുവട്ടങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് പരതി നടക്കുന്ന മിഴി തൊട്ടടുത്ത് ഇരുന്ന് ടൈല്‍ വിരിക്കുകയോ മറ്റെന്തെങ്കിലും ജോലി നോക്കുകയോ ചെയ്യുന്ന തൊഴിലാളിക്കരുകില്‍ എത്തുമ്പോഴാവും അയാള്‍ വീണിരിക്കുന്നത് അറിയുക. സൂര്യാഘാതം ഏറ്റ് വീഴുന്നതിന് യാതൊരു മുന്നറിയിപ്പും ഉണ്ടാവില്ലെന്ന് ചുരുക്കം. ഇക്കാലത്തായിരുന്നു സന്ദര്‍ശക വിസ പുതുക്കുന്നതിന്റെ ഭാഗമായി കിഷ് (ഇറാനിലെ ഒരു ദ്വീപ്)മില്‍ പോയത്.
ഓഗസ്റ്റ് മാസത്തില്‍ ഇറാനിയന്‍ ദ്വീപിലും ചൂടിന് ഒട്ടും അലിവുണ്ടായിരുന്നില്ല. ആറു ദിവസം നീണ്ട താമസത്തില്‍ ഭക്ഷണം ഇഷ്ടമാവാത്തതിനാലായിരുന്നു പുറത്തിറങ്ങി തീന്‍ കട തേടി നടന്നത്.
നിറഞ്ഞ വയറുമായി താമസ കേന്ദ്രത്തിലേക്ക് നടന്നു. 20 മിനുട്ട് നടക്കണം. നട്ടുച്ചയാണ്. ഒഴിഞ്ഞ റോഡരുകിലൂടെ നടന്നു. മുകളില്‍ ഗോളാകൃതി നഷ്ടപ്പെട്ട് ഉരുകി ഒലിക്കുന്ന സൂര്യന്‍. ക്ഷീണം, ദാഹം. ആഞ്ഞു ചവിട്ടിയിട്ടും കാലുകള്‍ മുന്നോട്ട് നീങ്ങാത്ത പോലെ. ആള്‍പ്പെരുമാറ്റമില്ലാത്ത പാത. ഒടുവില്‍ ദൂരെയായി ഹോട്ടല്‍ കെട്ടിടം കണ്ടു. വല്ലാത്തൊരു ആശ്വാസം അകത്ത് കയറിയാല്‍ ശീതീകരണിയുണ്ട്. കുടിവെള്ളം ലഭിക്കും. എന്നിട്ടും കാലുകള്‍ക്ക് ഒട്ടും ആവേശമില്ല. ഹോട്ടലില്‍ നിന്നും അധികം ദൂരെയല്ലാത്ത ഉദ്യാനത്തിന്റെ ചുറ്റുമതിലിന് സമീപത്തെത്തിയപ്പോഴാണ് താടി വല്ലാതെ വേദനിച്ചത്. കണ്ണില്‍ കടുത്ത മഞ്ഞ വെളിച്ചം. പരിസരബോധം ലഭിച്ചപ്പോള്‍ നിലത്ത് തടിയിടിച്ച് വീണതാണെന്ന് ബോധ്യമായി. എങ്ങിനെയോ എഴുന്നേറ്റു. ഉദ്യാനത്തിന്റെ ചുറ്റു മതിലില്‍ താങ്ങി നില്‍ക്കാന്‍ ശ്രമിച്ചു.
എവിടുന്നോ വികൃതിക്കൂട്ടത്തില്‍പ്പെട്ട മൂന്നു നാലു കുട്ടികളെത്തി. ദൂരെ സൈക്കിളുമായി അഭ്യാസം നടത്തിയ അവര്‍ എന്റെ വീഴ്ച കണ്ട് എത്തിയതായിരുന്നു.
സൂര്യാഘാതം എറ്റ് വീഴുന്നത് ഇതുപോലെ ആവുമെന്ന് കമ്പനി തൊഴിലാളികള്‍ പറഞ്ഞിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല തിളച്ചു മറിഞ്ഞ് സൂര്യന്‍ ഉഗ്ര താപം വികിരണം ചെയ്യുമ്പോള്‍ നാമെത്ര നിസ്സഹായര്‍.