Connect with us

Gulf

'ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ്' പ്രകാശനം ചെയ്തു

Published

|

Last Updated

ദുബൈ: എമിറേറ്റ്‌സ് 24/7 സീനിയര്‍ റിപോര്‍ട്ടറും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി എം സതീശിന്റെ “ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ്” റിയല്‍ ലൈഫ് സ്‌റ്റോറീസ് ഫ്രം എ റിപോര്‍ട്ടേഴ്‌സ് ഡയറി” പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് സിന്ധി ഹസന് നല്‍കിയാണ് പ്രകാശനം ചെയ്തത്. സതീശ് കണ്ടെടുത്ത റിപോര്‍ട്ടുകളില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് കമ്പനി നടത്തി പാപ്പരായ സിന്ധി ഹസന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലും വിദേശത്തുമായി പത്രപ്രവര്‍ത്തകനായി ജോലി നോക്കുന്ന വി എം സതീഷിന്റെ മനുഷ്യ ഗന്ധിയായ 660 വാര്‍ത്തകളുടെ സമാഹാരമാണിത്. ദുബൈയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം കൂടി പറയുന്നതാണ് 800ല്‍ പരം പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം.
യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന് എങ്ങിനെ മികച്ച സാമൂഹിക ഇടപെടലുകള്‍ നടത്താമെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് “ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ്”.
ഇന്ത്യന്‍ മീഡിയ ഫോറം(ഐ എം എഫ്) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കിഡ്‌നി നഷ്ട്‌പ്പെട്ട് മരണം മുന്നില്‍ കണ്ട് ജീവിക്കുന്ന മലയാളിയെക്കുറിച്ചുള്ള ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ക്യാന്‍സര്‍ ബാധിച്ച ഫിലിപ്പിനോ ബാലന്റെ ദുരിത കഥയിലെത്തുന്നതോടെ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിക്കുകയാണ് സതീശിലെ പ്രത്രപ്രവര്‍ത്തകന്‍.
ദിനേന വാര്‍ത്തകളായി നമുക്കരുകില്‍ എത്തുന്നവയില്‍ ബഹുഭൂരിപക്ഷത്തിനും ഒറ്റ ദിനത്തെ ആയുസേയുള്ളൂവെന്ന് എം കെ ലോകേഷ് ഓര്‍മിപ്പിച്ചു.
പി വി വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇസ്മായേല്‍ റാവുത്തര്‍, അന്‍വര്‍ നഹ, കെ മൊയ്തീന്‍ കോയ, അനില്‍ കുമാര്‍ എ വി, പി കെ സജിത്ത് കുമാര്‍, പി പി ശശീന്ദ്രന്‍, ഉമ റാണി പത്മനാഭന്‍, ബിജു ആബേല്‍ ജേക്കബ്, വി എം സതീഷ് സംസാരിച്ചു.

Latest