ആത്മീയതയുടെ കുട നിവര്‍ത്തി ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു

Posted on: June 22, 2013 10:48 pm | Last updated: June 22, 2013 at 10:48 pm
SHARE

qur'an parkദുബൈ: വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ നഗരത്തില്‍ ഖുര്‍ ആന്‍ പാര്‍ക്ക് വരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യലതാദികള്‍ ഉള്‍പ്പെടുത്തിയാണ് ഖുര്‍ആന്‍ പാര്‍ക്ക് സജ്ജീകരിക്കുക. ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ അല്‍ ഖവാനീജിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. 270 ലക്ഷം ദിര്‍ഹം ചെലവില്‍ പണിയുന്ന പാര്‍ക്ക് അടുത്ത വര്‍ഷം സപ്തംബറില്‍ ഉദ്ഘാടനം ചെയ്യും. അറുപത് ഹെക്ടര്‍ സ്ഥലത്താണ് പാര്‍ക്ക് പണിയുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് നൂര്‍ മശ്‌റൂം പറഞ്ഞു.
ഖുര്‍ആനില്‍ ധാരാളം ചെടികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ മിക്ക ഇനങ്ങളും പുതിയ പാര്‍ക്കിലുണ്ടാവും. ഖുര്‍ആനില്‍ പറയുന്ന അത്ഭുതങ്ങളുടെ ചിത്രീകരണവും പാര്‍ക്കില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് നവ്യാനുഭവമാവും. പാര്‍ക്കില്‍ പ്രത്യേകം പണിയുന്ന തുരങ്കത്തിലാവും ഇതിന്റെ ചിത്രീകരണം തയ്യാറാക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖുര്‍ആനിലെ അത്ഭുതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാനുദ്ദേശിച്ചാണിത്. വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ വിജ്ഞാനപ്രദമായിരിക്കുമെന്നാണ് നഗരസഭ അധികൃതരുടെ കണക്ക് കൂട്ടല്‍. പ്രാരംഭ ജോലികള്‍, ട്രാക്കുകളുടെ സജ്ജീകരണം, സര്‍വീസ് കെട്ടിടം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
നഗരസഭ സാങ്കേതിക കമ്മിറ്റിയുടെ യോഗത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന ഖുര്‍ ആനിന്റെ അമാനുഷികതകള്‍ അനാവരണം ചെയ്യുന്ന തരത്തിലുള്ള പാര്‍ക്ക് ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രത്യേകം രൂപകല്പന ചെയ്തതായിരിക്കും. വിവിധ ട്രാക്കുകള്‍, ഫൗണ്ടന്‍, തടാകം തുടങ്ങി നിരവധി സംവിധാനങ്ങള്‍ പാര്‍ക്കിലുണ്ടാവും. അത്യാകര്‍ഷകമായ കവാടം, ഓഫീസ് കെട്ടിടം, ഇസ്‌ലാമിക സംസ്‌ക്കാരത്തെ തൊട്ടറിയാന്‍ ഉതകുന്ന രീതയില്‍ സംവിധാനം ചെയ്ത പൂന്തോട്ടം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഉംറ കോര്‍ണര്‍, ഔട്ട്‌ഡോര്‍ തിയേറ്റര്‍, ഖുര്‍ ആനിന്റെ അമാനുഷികതകളുടെ പ്രദര്‍ശനം, ചില്ലുകെട്ടിടം എന്നിവയും ഉള്‍പ്പെടുത്തും. ഖുര്‍ആന്‍ ചരിത്രങ്ങളും അത്ഭുതങ്ങളും കാണിക്കാന്‍ ശീതീകരിച്ച തുരങ്കവും പര്‍ക്കിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.