Connect with us

Gulf

വിദ്യാഭ്യാസം വികസനത്തിന് ആധാരം: ശൈഖ് ഖലീഫ

Published

|

Last Updated

അബുദാബി: രാജ്യത്തിന്റെ വികസന സങ്കല്‍പത്തില്‍ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന യെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ആധുനിക യുഗത്തില്‍ വിദ്യാഭ്യാസവും അറിവുമാണ് ഉന്നതിയിലേക്കുള്ള കവാടങ്ങള്‍.
ഈ നൂറ്റാണ്ടില്‍ യു എ ഇയെ രാജ്യാന്തരതലത്തില്‍ മുന്നിട്ടുനിര്‍ത്തുന്നത് വിദ്യാഭ്യാസമാണ്. രാജ്യത്തെ യുവതലമുറ വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യവും വിദ്യ നേടി പുറത്തിറങ്ങുന്ന യുവാക്കള്‍ക്കു ജോലി ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വവും കണക്കിലെടുത്തു സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും ശൈഖ് ഖലീഫ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയിലുണ്ടായ വര്‍ധന വിദ്യാഭ്യാസത്തില്‍ കൂടുതല്‍ നിക്ഷേപവും ഇടപെടലും നടത്തേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുന്നു. എല്‍കെജി തലം മുതല്‍ സര്‍വകലാശാലാ തലം വരെ മികച്ച വിദ്യാഭ്യാസമാണു യു എ ഇ നല്‍കുന്നത്. പ്രമുഖ സര്‍വകലാശാലകളായ യു എ ഇ സര്‍വകലാശാല, സായിദ് യൂണിവേഴ്‌സിറ്റി എന്നിവയും മറ്റു പ്രമുഖ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തു യുഎഇക്കു മേഖലയില്‍ മുന്‍തൂക്കം നല്‍കുന്നവയാണ്. ഒട്ടേറെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആഗോള പ്രശസ്തമായ 80 പ്രമുഖ സര്‍വകലാശാലകളുടെ സാന്നിധ്യം യുഎഇയിലുണ്ട്.
ഫെഡറല്‍ ബജറ്റില്‍ 990 കോടി ദിര്‍ഹമാണു വിദ്യാഭ്യാസത്തിനായി വകയിരുത്തിയിരിക്കുന്നത്. മൊത്തം ബജറ്റ് വിഹിതത്തിന്റെ 22 ശതമാനമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലക്കു മാത്രം 390 കോടി ദിര്‍ഹമാണു വകയിരുത്തിയിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണു മുന്‍ഗണന. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള സഹായത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്കു വിദേശത്തു പഠിക്കാനുള്ള സഹായങ്ങളും കൂടുതല്‍ സൗകര്യങ്ങള്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും ഒരുക്കാനും തുക മാറ്റി വെച്ചിട്ടുണ്ട്.

Latest