ബ്രദര്‍ഹുഡിനെതിരെ കടുത്ത നിലപാടുമായി യു എ ഇ മാധ്യമങ്ങള്‍

Posted on: June 22, 2013 10:25 pm | Last updated: June 22, 2013 at 10:25 pm
SHARE

അബുദാബി: തീവ്രവാദി സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ കടുത്ത നിലപാടുമായി യു എ ഇയിലെ മാധ്യമങ്ങള്‍. ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് പല രാജ്യങ്ങളിലും ശാഖകള്‍ നിവിലുണ്ട്.
യു എ ഇയില്‍ ശാഖ രൂപവത്കരിച്ച് രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനിടെ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ സംഘാംഗങ്ങള്‍ വിചാരണ നേരിടുകയാണ്. 100 ഓളം വരുന്ന സ്വദേശികളും ഈജിപ്തുകാരുമടങ്ങുന്ന സംഘത്തിലെ 30 പേരുടെ കേസ് അന്തിമ വിധിക്കായി പ്രോസിക്യൂഷന്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ മാധ്യമങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
സുസ്ഥിരമായ ഭരണം നിലനില്‍ക്കുന്ന രാജ്യത്തെ ഭരണസംവിധാനത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. ഒറ്റക്കെട്ടായി നില്‍ക്കുന്ന മുസ്‌ലിം സമൂഹത്തിലും അവരുടെ ഭരണസംവിധാനങ്ങളിലും നുഴഞ്ഞുകയറി അസ്വസ്ഥതയുണ്ടാക്കുകയെന്നതാണ് ഈ സംഘടനയുടെ രീതി.
യു എ ഇയിലേക്ക് ഇഖ്‌വാന്‍ (ബ്രദര്‍ഹുഡ്) വേണ്ട’ എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമുഖ അറബി ദിനപത്രം മുഖപ്രസംഗമെഴുതിയത്.
‘ബ്രദര്‍ഹുഡ് ഏതൊരു രാജ്യത്ത് കാല് കുത്തിയോ അവിടെ അവര്‍ കുഴപ്പമുണ്ടാക്കുകയും അവിടുത്തെ മുസ്‌ലിംകളെ മാനസികമായി വിവിധ തട്ടുകളാക്കുകയും ചെയ്യുമെന്നത് അനുഭവമാണ്’ എന്ന് മുഖപ്രസംഗം ആരോപിക്കുന്നു. ‘ഇതില്‍ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ അവര്‍ നേടും. അവരുടെ ഈ ദുഷ്ടലാക്കിന്, അവര്‍ മറ സൃഷ്ടിക്കുന്നത് ഇസ്‌ലാമിന്റെ പേരാണ്. ഇസ്‌ലാമാകട്ടെ ഈ രീതിയിലുള്ള സങ്കുചിത കാഴ്ചപ്പാടിനെ ശക്തമായി എതിര്‍ക്കുന്നു. ചില വൈകാരികമായ അജണ്ടകള്‍ മാത്രമേ അവര്‍ക്കുള്ളൂ. അതിനപ്പുറം മനുഷ്യത്വത്തിലധിഷ്ഠിതമായ ഒരു ലക്ഷ്യമോ കാഴ്ചപ്പാടോ അവര്‍ക്കില്ല. ഈജിപ്ത്, സുഡാന്‍, ടുണീഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇവരില്‍ നിന്നുള്ള അനുഭവം അതാണ്.
ലോകത്ത് തന്നെ ശ്രദ്ധേയവും സുശക്തവുമായ ഭരണകൂടവും അവര്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്ന പൂര്‍ണ സംതൃപ്തരായ സ്വദേശികളും വിദേശികളുമടങ്ങുന്ന യു എ ഇയില്‍ അതുകൊണ്ടു തന്നെ ബ്രദര്‍ഹുഡിന്റെ നിലപാടുകള്‍ക്ക് ഒരു സ്ഥാനവും നിലനില്‍പ്പുമില്ല. അത്തരം വക്രബുദ്ധിക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല രാജ്യത്തിന്റേത്. മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുന്ന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ ഈ രാജ്യത്ത് സ്ഥാനമുള്ളൂ’. ഇങ്ങനെ തുടരുന്നു എഡിറ്റോറിയലിലെ പരാമര്‍ശങ്ങള്‍.