Connect with us

Kerala

സോളാര്‍ തട്ടിപ്പ്:ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം. സരിത എസ് നായര്‍ക്കൊപ്പം തട്ടിപ്പില്‍ പങ്കാളിയായെന്നും ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സര്‍ക്കാര്‍ ഉദേ്യാഗസ്ഥനായ ഫിറോസിന് ടീം സോളാറുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
25 കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സലീം എന്ന വ്യക്തിയില്‍ നിന്ന് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഫിറോസും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ 2009 ഡിസംബര്‍ 26ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ പ്രമാണങ്ങളും വ്യാജ കറന്‍സിയും നിര്‍മിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്‌തെങ്കിലും ഫിറോസിന്റെ കാര്യത്തില്‍ നടപടി ഉണ്ടായില്ല. ആര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
സരിതയുടെയും ബിജുവിന്റെയും പഴയകാല ചെയ്തികള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധനക്കു വിധേയമാക്കിയപ്പോഴാണ് തട്ടിപ്പില്‍ ഫിറോസും പങ്കാളിയാണെന്ന് വ്യക്തമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ 2009 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതക്കും ബിജുവിനുമൊപ്പം ഫിറോസും പ്രതിയാണ്. ഈ കേസില്‍ സരിതയെ 2010 ജനുവരി 13നും ബിജുവിനെ ജനുവരി 15നും അറസ്റ്റ് ചെയ്തു. എന്നാല്‍, സ്വാധീനമുപയോഗിച്ച് ഫിറോസ് അറസ്റ്റ് ഒഴിവാക്കിയെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ ഫിറോസിന് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കില്ലായിരുന്നുവെന്നാണ് മന്ത്രി കെ സി ജോസഫ് പ്രതികരിച്ചത്. പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത് കഴിഞ്ഞ സര്‍ക്കാറാണെന്നും മന്ത്രി പറഞ്ഞു.

Latest