ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കുന്നു

Posted on: June 22, 2013 8:55 am | Last updated: June 22, 2013 at 8:55 am
SHARE

***മായം പരിശോധിക്കേണ്ട ലാബുകള്‍ക്ക് അംഗീകാരമില്ല:പരിശോധനക്ക് സ്വകാര്യ ലാബുകള്‍

***ഫുഡ് സേഫ്റ്റി വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല

കോഴിക്കോട്:

food2ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് അനാസ്ഥ. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തേണ്ട സംസ്ഥാനത്തെ ലാബുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ ഇനിയും ലഭ്യമായിട്ടില്ല.
2011 ആഗസ്റ്റ് അഞ്ച് മുതല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം) സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. 2006ല്‍ പാസാക്കിയ ഈ നിയമം രാജ്യം കര്‍ശനമായി നടപ്പിലാക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടെടുക്കുന്നത്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ശബരിമല സീസണില്‍ പത്തനംതിട്ടയിലുമാണ് സംസ്ഥാനത്ത് മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള സര്‍ക്കാര്‍ ലാബുകളുള്ളത്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് വര്‍ഷമാകാറായിട്ടും ഈ നാല് ലാബുകള്‍ക്കും അക്രഡിറ്റേഷന്‍ ലഭ്യമായിട്ടില്ല. ഇക്കാരണത്താല്‍ ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
1954ലാണ് മായം ചേര്‍ക്കല്‍ നിരോധ നിയമം കൊണ്ടുവന്നത്. ഭക്ഷ്യവസ്തുക്കളുടെ സീസണ്‍ കച്ചവടം മുതല്‍ ഉത്സവ കച്ചവടം, വഴിവാണിഭം, തട്ടുകട, പലചരക്കുകട, ബേക്കറി, കൂള്‍ ബാര്‍ തുടങ്ങി സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും. ഇത്തരം ഏത് കച്ചവടം നടത്തുന്നവരും എഫ് എസ് എസ് എ ലൈസന്‍സ് എടുത്തിരിക്കണം എന്നാണ് നിയമം. ഇത് ലംഘിച്ചാല്‍ ആറ് മാസം തടവും അഞ്ച് ലക്ഷം രൂപയുമാണ് പിഴ. ജീവഹാനി സംഭവിച്ചാല്‍ ജീവപര്യന്തം തടവുമാണ് ശിക്ഷ. ആവശ്യാനുസരണമുള്ള ജീവനക്കാര്‍, വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ സാമ്പിളെടുക്കല്‍, താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങി നിയമത്തില്‍ പറയുന്ന പ്രാഥമിക സൗകര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ ലാബുകള്‍ക്ക് അക്രഡിറ്റേഷന്‍ സൗകര്യമില്ലെങ്കിലും നിലവില്‍ സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ലാബുകള്‍ക്ക് അക്രഡിറ്റേഷനുണ്ട്. സ്വകാര്യ ലാബുകളില്‍ ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിയുടെ അളവ് പരിശോധിക്കാന്‍ ആറായിരം മുതല്‍ പതിനായിരം വരെ രൂപ നല്‍കണം. ഈ പണം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ക്കൊപ്പം തന്നെ കെട്ടിവെക്കണം. പണം പിന്നീട് സര്‍ക്കാര്‍ നല്‍കുമെങ്കിലും ഇത് നിയമം നടപ്പിലാക്കുന്നതിന് ഫലത്തില്‍ തടസ്സം നില്‍ക്കുകയാണ്.
നിയമമനുസരിച്ച് ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലും മറ്റും കണ്ടെത്തിയാല്‍ ശിക്ഷാ വിധികള്‍ നടപ്പിലാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണം. ഇതും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. കുടിവെള്ളവും പുതിയ നിയമത്തിന്റെ പരിധിയില്‍ വന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും നിയമം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. നേരത്തെ പാക്കിംഗ് കുടിവെള്ളം മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ നിയമമനുസരിച്ച് വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന്റെ പരിധിയിലാണ്.
ലൈസന്‍സും രജിസ്‌ട്രേഷനും വെള്ളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും ടാങ്കുകളില്‍ നിര്‍ബന്ധമാണ്. കൂടാതെ വാട്ടര്‍ ടാങ്കിന്റെ പുറത്ത് എഫ് ഡി ഒ ലൈസന്‍സ് നമ്പര്‍ വ്യക്തമായി എഴുതിയിരിക്കണം.
കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകളില്‍ ബിടുമാസ്റ്റിക് കോട്ടിംഗ് നിര്‍ബന്ധമാണ്. കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ അക്രഡിറ്റേഷന്‍ ലാബുകളിലോ പരിശോധിച്ച് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.
സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളൊന്നും തന്നെ ഈ നിയമം പാലിക്കുന്നില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ നിയമം കര്‍ശനമായി നടപ്പിലാക്കി വരുമ്പോള്‍ കേരളത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. മൂന്നരകോടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഫുഡ് സേഫ്റ്റി വകുപ്പില്‍ ആകെ നൂറില്‍ താഴെ ഉദ്യോഗസ്ഥരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില നിയമനങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും നിലവിലുള്ള പരിമിതികള്‍ക്ക് പരിഹാരമാകുന്നില്ല.