ചികിത്സയുടെ പേരില്‍ തട്ടിപ്പ്; പ്രതി മുതലെടുത്തത് സ്ത്രീകളുടെ ദുരിതങ്ങള്‍

Posted on: June 22, 2013 12:47 am | Last updated: June 22, 2013 at 12:47 am
SHARE

തിരൂര്‍: ചികിത്സയുടെ പേരില്‍ നിരവധി സ്ത്രീകളുടെ പക്കല്‍ നിന്ന് ആഭരണം തട്ടിയ കേസില്‍ പോലീസിന്റെ പിടിയിലായ പുറത്തൂര്‍ കളൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മുതലെടുത്തത് സ്ത്രീകളുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും.
തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതി ഇയാളെ വിശ്വസിച്ച നിരവധി പേര്‍ക്കാണ് ഒടുവില്‍ ലക്ഷങ്ങളുടെ ആഭരണം നഷ്ടമായത്. അറസ്റ്റിനെ തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇയാളെ വിശ്വസിച്ച് സ്വര്‍ണാഭരണം നല്‍കി വഞ്ചിക്കപ്പെട്ട സത്രീകള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന്് കേസന്വേഷിക്കുന്ന തിരൂര്‍ സി ഐ ആര്‍ റാഫി കഞ്ഞദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തി. ഇതിനകം 400 പവന്‍ സ്വര്‍ണാഭരണം പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് സി ഐ പറഞ്ഞു. കടം വീടാന്‍, ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാന്‍, വിവാഹക്കാര്യം ശരിയാകാന്‍ തുടങ്ങി പല ഉദ്ദേശങ്ങളും പറഞ്ഞ സ്ത്രീകളോട് വളരെ നന്നായി ഇടപെട്ട്്് പ്രശ്‌നപരിഹാരത്തിനായുള്ള ക്രിയകള്‍ക്കായി ആഭരണം നല്‍കണമെന്ന് പറഞ്ഞ് വളരെ സമര്‍ത്ഥമായാണ് പാവങ്ങളെ കബളിപ്പിച്ചിരുന്നത്.
ഇങ്ങനെ തട്ടിയെടുത്ത ആഭരണം സ്വകാര്യപണയ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം വാങ്ങുകയായിരുന്നു പതിവ്. ആകെ ഒമ്പത് കേസുകളാണിപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു സത്രീ ആറു തവണ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.