എയ്ഡഡ് കോളജുമായി മുന്നോട്ട് പോകുമെന്ന് ലീഗ് നേതൃത്വം

Posted on: June 22, 2013 12:44 am | Last updated: June 22, 2013 at 12:44 am
SHARE

വേങ്ങര: മണ്ഡലത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച എയ്ഡഡ് കോളജുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ഥി പ്രവേശനത്തിനോ അധ്യാപക നിയമനത്തിനോ കോഴ വാങ്ങില്ലെന്നും മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും ട്രസ്റ്റ് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ കോളജില്‍ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നാക്ക മേഖലയായ വേങ്ങരക്ക് കോളജ് വേണമെന്നുള്ള സദുദ്ദേശം മാത്രമാണ് ട്രസ്റ്റിനുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥനരഹിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലത്തില്‍ ലഭ്യമാണെന്ന് പറയുന്ന സര്‍ക്കാര്‍ ഭൂമി വനം വകുപ്പിന്റെ കൈയില്‍ നിന്നും ലഭ്യമല്ല. ലീഗിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് കോളജിന് പിന്നിലെന്ന ആരോപണം ശരിയല്ല. ലീഗിതര പാര്‍ട്ടി അനുഭാവികളും ഉള്‍കൊള്ളുന്ന പ്രവാസികളാണ് മുതല്‍ മുടക്കുന്ന അംഗങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. കോളജിന്റെ പേരില്‍ ലീഗിനെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി നേതൃത്വം പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും മലബാര്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ഭാരവാഹികളുമായ എം എം കുട്ടി മൗലവി, പുല്ലാണി സൈത്, എന്‍ ടി അബ്ദുനാസര്‍, ശരീഫ് കുറ്റൂര്‍, എന്‍ ഉബൈദ് പങ്കെടുത്തു.