അണക്കെട്ടുകളില്‍ മത്സ്യ കൃഷിക്കും മത്സ്യബന്ധനത്തിനും അനുമതി

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 11:19 pm
SHARE

***മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം


***
പത്ത് മത്സ്യ ഗ്രാമങ്ങളുടെ വികസനത്തിനായി ഫണ്ട്അനുവദിച്ചു

തിരുവനന്തപുരം

കേരളത്തിലെ അണക്കെട്ട് പ്രദേശത്തുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഉപജീവനത്തിനായി മത്സ്യബന്ധനാവകാശം നല്‍കും. ഇതിലൂടെ അണക്കെട്ടുകളില്‍ കൂടുകൃഷി, മത്സ്യഹാച്ചറി എന്നിവ സ്ഥാപിക്കുന്നതിനും അണക്കെട്ടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും കഴിയും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വനം വകുപ്പിന്റെ അധീനതയിലുള്ള അണക്കെട്ട് പ്രദേശത്ത് താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ മത്സ്യതൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് രൂപവത്കരിച്ച മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കുക. ഇത്തരം സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് ബയോമെട്രിക് കാര്‍ഡ് നല്‍കും.
കേരളത്തിലെ സാങ്ച്വറി അണക്കെട്ടുകളായി പ്രഖ്യാപിക്കപ്പെട്ട നെയ്യാര്‍, പേപ്പാറ, ഇടുക്കി, പെരിയാര്‍, പറമ്പിക്കുളം എന്നിവ ഒഴിച്ചുള്ള റിസര്‍വോയറുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. നെയ്യാര്‍, ഇടുക്കി, പെരിയാര്‍, പറമ്പിക്കുളം റിസര്‍വോയറുകളില്‍ ആറ്റ ്‌കൊഞ്ച് ഉള്‍പ്പെടെയുള്ള തദ്ദേശീയ മത്സ്യ/ചെമ്മീന്‍ ഇനങ്ങളെ നിക്ഷേപിക്കും. എന്നാല്‍, കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കുന്ന പേപ്പാറയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തില്ല.
ഭൂതത്താന്‍കെട്ടില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയില്‍ ഒരു മള്‍ട്ടി സ്പീഷ്യസ് ഇക്കോ-ഹാച്ചറി സ്ഥാപിക്കുന്നതിന് ഫിഷറീസ് വകുപ്പിന് അനുവാദം നല്‍കും. പദ്ധതിക്ക് ആവശ്യമായ കരപ്രദേശവും ജലാശയവും സംബന്ധിച്ച് ഫിഷറീസ്-ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സംയുക്തമായി ശിപാര്‍ശ ചെയ്യുന്ന സ്ഥലത്തിന് മാത്രമായിരിക്കും അനുമതി. ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലെ പഴശ്ശി റിസര്‍വോയറില്‍ കപ്പച്ചേരി പ്രദേശത്തും മലമ്പുഴ റിസര്‍വോയറില്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വടക്ക്-കിഴക്ക് ഭാഗത്തുള്ള ജലപ്രദേശത്തും കൂടുകൃഷിക്കായി ഓരോ ഹെക്ടര്‍ വീതം അനുവദിക്കും.
അണക്കെട്ടുകളില്‍ മത്സ്യ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത് അണക്കെട്ടുകളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കുന്നതിന് നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് 238.28 ലക്ഷം രൂപക്കുള്ള പദ്ധതി അംഗീകരിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു.
ആദ്യ ഗഡുവായി 119.14 ലക്ഷം രൂപ അനുവദിച്ചു. പത്ത് മത്സ്യ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2148.81 ലക്ഷം രൂപയും അനുവദിച്ചു. വലിയപറമ്പ (രണ്ട് കോടി), വലിയ വേളി (രണ്ട് കോടി), അടിമലത്തുറ (2.19 കോടി), ആറാട്ടുപുഴ (1.90 കോടി), മാനാശേരി (2.26 കോടി), എടവനക്കാട് (206 ലക്ഷം), താനൂര്‍ (രണ്ട് കോടി), അഴീക്കോട് (2.25 കോടി), തയ്യില്‍ (2.90 കോടി), ഷിരിയ (191 ലക്ഷം) എന്നീ മത്സ്യ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക അനുവദിച്ചത്. മത്സ്യ ഗ്രാമങ്ങളുടെ സംയോജിത വികസനമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുടിവെള്ള വിതരണം, വൈദ്യുതീകരണം, ലൈബ്രറി, സാനിട്ടേഷന്‍ തുടങ്ങിയ മേഖലകളിലെ വികസനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.