കനത്ത മഴ തുടരുന്നു; അഞ്ച് മരണം കൂടി

Posted on: June 22, 2013 6:02 am | Last updated: June 21, 2013 at 11:08 pm
SHARE

rain damageതിരുവനന്തപുരം

***മരിച്ചവരുടെ എണ്ണം 38 ആയി

***1432 ഹെക്ടറിന്റെ കൃഷിനാശം

സംസ്ഥാനത്ത് ശക്തമായ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയില്‍ ഇന്നലെ സംസ്ഥാനത്ത് 1432 ഹെക്ടര്‍ കൃഷിനാശം ഉണ്ടായി. ഇതില്‍ 3.50 കോടി നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 11 വീടുകള്‍ പൂര്‍ണമായും 408 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 12.90 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 62.16 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു.

ഈ മാസം ഒന്ന് മുതല്‍ സംസ്ഥാനത്തൊട്ടാകെ 159 വീടുകള്‍ പൂര്‍ണമായും 2,751 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. 2,533 ഹെക്ടര്‍ കൃഷി നാശമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 1.81 കോടിയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 4.01 കോടിയും കൃഷിനാശത്തില്‍ 27.99 കോടിയുമാണ് നഷ്ടം കണക്കാക്കുന്നത്.
കാലവര്‍ഷത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും പത്ത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3.5 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 31 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതില്‍ 5.96 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.1,310 ഹെക്ടര്‍ കൃഷിനാശത്തില്‍ 97.73 ലക്ഷ ത്തിന്റെയും റോഡുകള്‍ തകര്‍ന്നതില്‍ 4.47 കോടിയുടെയും നഷ്ടം ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതില്‍ 75,000 രൂപയുടെയും 45.4 ഹെക്ടര്‍ കൃഷി നാശത്തില്‍ 10.5 ലക്ഷം രൂപയുടെയും നഷ്ടം ഉണ്ടായിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 74 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 6.5 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 5.63 കോടി രൂപയുടെ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ രണ്ട് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. എറണാകുളം ജില്ലയില്‍ ഒരു വീട് പൂര്‍ണമായും മൂന്ന് വീട് ഭാഗികമായും തകര്‍ന്നതില്‍ 1.15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതില്‍ 1.74 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലക്കാട് ഒരു വീട് പൂര്‍ണമായി തകര്‍ന്നതില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 2.03 ലക്ഷവും 2.64 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതില്‍ 12.35 ലക്ഷവും നഷ്ടം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് രണ്ട് വീടുകള്‍ പൂര്‍ണമായും 174 വീടുകള്‍ ഭാഗികമായും തകര്‍ന്നതില്‍ 42.32 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വയനാട് ജില്ലയില്‍ ഭാഗികമായി 21 വീടുകള്‍ തകര്‍ന്നതില്‍ 1.18 ലക്ഷം രൂപയും 18.33 ഹെക്ടര്‍ കൃഷി നശിച്ചതില്‍ 24.06 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ 43 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 5.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസര്‍കോട് ജില്ലയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 93,000 രൂപയും 55.9 ഹെക്ടര്‍ കൃഷി നശിച്ചതില്‍ രണ്ട് കോടി രൂപയും നഷ്ടം കണക്കാക്കുന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.