മരുന്ന് നിര്‍മാണത്തില്‍ വീഴ്ച; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:58 pm
SHARE

തിരുവനന്തപുരം:

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മരുന്ന് നിര്‍മാണത്തില്‍ ഗുരുതര വീഴ്ച. നിര്‍മാണത്തിനിടെ രണ്ട് ഗുളികകള്‍ കൂടിക്കലര്‍ന്നു. കൃത്യസമയത്ത് തന്നെ ഇത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവനയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉത്തരവിട്ടു.
വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിന്‍ 500 എം ജി ഗുളികയിലാണ് മറ്റൊരു ഗുളിക കലര്‍ന്നത്. പകര്‍ച്ചപ്പനിക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗുളികയാണിത്. പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ കെ എസ് ഡി പിയില്‍ ജൂണ്‍ എട്ടിന് ഡി സി 3009 ബാച്ചില്‍ നിര്‍മിച്ച അസിത്രോമൈസിന്‍ ഗുളികകളിലാണ് മറ്റൊരു ഗുളിക കൂടിക്കലര്‍ന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുളികകള്‍ കൂടിച്ചേര്‍ന്നതായി കണ്ടെത്തി.
പരിശോധനാ സമയത്ത് മറ്റൊരു ഗുളികയുടെ ബാഗ് തുറന്ന നിലയിലുണ്ടായിരുന്നു. ഇതാണ് സംഭവത്തില്‍ അട്ടിമറി സംശയത്തിന് ഇടയാക്കിയത്.
കൂടിക്കലര്‍ന്ന ഗുളിക ഏതാണെന്ന് കണ്ടെത്താനായിട്ടില്ല. നിയമപ്രകാരം ഒരു മരുന്നിനൊപ്പം മറ്റൊന്ന് കൂട്ടിക്കലര്‍ത്തുന്നത് കുറ്റകരമാണ്. ഇത് കമ്പനിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമത്തിന്റെ ഭാഗമാണോയെന്ന സംശയം അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നഷ്ടത്തിലായിരുന്ന കെ എസ് ഡി പി അടുത്ത കാലത്താണ് ലാഭത്തിലായത്. ആന്ധ്രാപ്രദേശ് സര്‍ക്കാറില്‍ നിന്നടക്കം വലിയ ഓര്‍ഡറുകളും ലഭിച്ചിരുന്നു. കൂടാതെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭവും അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലുണ്ടായ തകരാറ് അട്ടിമറിക്കുള്ള നീക്കം തന്നെയായിരുന്നുവെന്ന നിഗമനത്തിലാണ് വ്യവസായ വകുപ്പ്.