നിരാശയുടെ കയത്തിലും പ്രതീക്ഷ കൈവിടാതെ…

Posted on: June 22, 2013 6:00 am | Last updated: June 22, 2013 at 12:51 pm
SHARE

loach yathraകൊടിഞ്ഞി കാരാംകുണ്ടില്‍ ആസ്യയുടെ മകന്‍ മുഹമ്മദലിക്ക് പിതാവ് പുത്തൂപറക്കാട് ഹസന്റെ മുഖം കണ്ടതായി നേരിയ ഓര്‍മ പോലുമില്ല. ഒരു വയസ്സാകും മുമ്പെ ഏഴാം കടലിനക്കരേക്ക് ലോഞ്ചില്‍ കയറിയതാണെന്ന് ഉമ്മ ആസ്യ പറഞ്ഞ അറിവേയുള്ളൂ. ഇപ്പോള്‍ മുഹമ്മദലിക്ക് വയസ്സ് 38. ഒരു നാള്‍ ഭര്‍ത്താവ് വരുമെന്നു തന്നെ ആസ്യ കരുതുന്നു. അവരുടെ ദിനങ്ങള്‍ക്ക് പ്രതീക്ഷയേകുന്നത് ഈ വിശ്വാസമാണ്.

നാട്ടില്‍ കൃഷിപ്പണികളുമായി കഴിഞ്ഞു കൂടുന്നതിനിടയിലാണ് ഹസന്‍ ഇടക്ക് മുംബൈയിലേക്ക് വണ്ടികയറുന്നത്. ചെരുപ്പ്, പായ തുടങ്ങിയവയുടെ കച്ചവടവുമായി ദീര്‍ഘകാലം അവിടെ തങ്ങി. അതിനിടെയാണ് നാട്ടുകാരായ പലരും ദുബൈയിലേക്ക് പോകുന്നുവെന്ന് കേട്ട് ഒപ്പം ലോഞ്ചില്‍ കയറിയത്. താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുന്ന പലരെയും അര്‍ധരാത്രി വിളിച്ചുണര്‍ത്തിയാണത്രെ ലോഞ്ചില്‍ കയറ്റാന്‍ കൊണ്ടുപോയത്. ഇയാളുടെ ബന്ധുവായ തെന്നലയിലെ കിഴക്കുന്തോടത്ത് ഹംസയും ഇക്കൂട്ടത്തില്‍ പോയിട്ടുണ്ട്. ആ യാത്രക്കു ശേഷം ഹസനെ കുറിച്ച് ഒരു വിവരവുമില്ല. ലോഞ്ചില്‍ പോയവരില്‍ ചിലര്‍ മടങ്ങിവന്നെന്ന് അറിയുമ്പോഴൊക്കെ ആസ്യ കാത്തിരിക്കും. ഭര്‍ത്താവ് പടികയറി വരുന്നതും കാത്ത്.
നീണ്ട കാത്തിരിപ്പ് വെറുതെയാകുമെന്ന് ഒരു വേള ഓര്‍ത്തുപോകുമ്പോള്‍ ആസ്യയുടെ കണ്ണുകള്‍ നിറയും. നിരാശയുടെ കയത്തിലാണിപ്പോള്‍ ഇവരുടെ ജീവിതം. മകനെ പോറ്റാനാകാതെ ജീവിതത്തിന് മുന്നില്‍ പലപ്പോഴും പകച്ചുപോയിട്ടുണ്ട് ഇവര്‍. വെല്ലുവിളികളെ നേരിട്ട് ബന്ധുക്കളുടെ സംരക്ഷണത്തിലാണ് പിന്നീട് മകനെ വളര്‍ത്തി വലുതാക്കിയത്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്റെ തണലിലാണ് ജീവിതം.
ആസ്യയുടെയും മുഹമ്മദലിയുടെയും മാത്രം അനുഭവമല്ലയിത്. വെന്നിയൂര്‍ കൊടക്കല്ല് വാണിയംപീടിയേക്കല്‍ അശ്‌റഫും അന്‍വര്‍ സാദാത്തും സ്വാബിറയും സുഹ്‌റയും ഇവരുടെ ഉപ്പയെ ഒരുനോക്ക് കാണാനുള്ള കാത്തിരിപ്പിലാണ്. പിതാവ് കുഞ്ഞിമുഹമ്മദ് എന്ന ചെറീത് നാട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇളയ മകള്‍ സുഹ്‌റക്ക് ഒരു വയസ്സ് തികഞ്ഞിരുന്നില്ല. കാറ്റും കോളും കാരണം കപ്പലും ബോട്ടുമെല്ലാം കരക്ക് കയറ്റിയിടുന്ന സമയത്താണ് ഈ കുടുംബനാഥന്‍ ദുബൈയിലേക്കെന്ന് പറഞ്ഞ് ലോഞ്ചില്‍ കയറിയത്.
പിതാവായ കുട്ടിക്കമ്മുവിനെ പാക് പൗരത്വത്തിന്റെ പേരില്‍ പോലീസ് പിടികൂടിക്കൊണ്ടുപോയി നാടുകടത്തിയ പിറ്റേ വര്‍ഷമായിരുന്നു ഇതെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ മകനായ ചെറീത് മുംബൈയില്‍ പായക്കച്ചവടവുമായി ഉപജീവനം നടത്തുമ്പോഴാണ് കൂട്ടുകാര്‍ക്കൊപ്പം ലോഞ്ചില്‍ പോകാന്‍ തീരുമാനിച്ചത്. യാത്രയയക്കാന്‍ പോയ അനുജന്‍ മൂസ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇതില്‍ കയറുകയായിരുന്നു. ചെറീതിന് 26ഉം മൂസക്ക് 23ഉം വയസ്സായിരുന്നു അന്ന്. കൂടെ ചെറീതിന്റെ ഭാര്യയുടെ ബന്ധുവായ എടപ്പലം സ്വദേശി സൈതലവിയും ഉണ്ടായിരുന്നു. ഇവരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മകനെ കാണാനാകാത്തതിന്റെ ദുഃഖഭാരവും പേറി ചെറീതിന്റെ മാതാവ് കുഞ്ഞാത്തു ഹജ്ജുമ്മ 21 വര്‍ഷം മുമ്പ് കണ്ണടച്ചു. ഗള്‍ഫിലായിരുന്ന സഹോദരന്‍ ഹുസൈനും അന്വേഷിക്കാവുന്ന ഇടങ്ങളിലെല്ലാം കയറിച്ചെന്നു. ഇറാനിലുണ്ടെന്നും ഇറാഖിലുണ്ടെന്നും കേട്ടതനുസരിച്ച് അവിടങ്ങളിലും പോയി അന്വേഷിച്ചെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു. അബൂദബിയിലും കുവൈത്തിലും പാക്കിസ്ഥാനിലും വരെ അന്വേഷണം നീണ്ടു. പാക്കിസ്ഥാനില്‍ ജോലി ചെയ്യുന്ന ചില മലയാളികള്‍ അവിടത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വഴിയും അന്വേഷണം നടത്തി. പാക്കിസ്ഥാനില്‍ ഉണ്ടെന്ന ചില സൂചനകള്‍ ലഭിച്ചതായും അഭ്യൂഹ്യമുണ്ടായിരുന്നു. എട്ട് മാസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞാച്ചു മരിച്ചത്.
നാളെ: ഉറ്റവര്‍ക്കായി സര്‍ക്കാര്‍ ഇടപെടുമോ?