Connect with us

Palakkad

ട്രെയിന്‍ എ സി കമ്പാര്‍ട്ടുമെന്റുകളില്‍ മോഷണം: യുവാവിനെ പോലീസ് പിടികൂടി

Published

|

Last Updated

പാലക്കാട്: ട്രെയിനുകളിലെ എ സി കമ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് ശങ്കരനല്ലൂര്‍ മീരാനിവാസില്‍ മാധവന്റെ മകന്‍ സജേഷിനെ(40)യാണ് കഴിഞ്ഞ 11 ന് ട്രെയിന്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിന് പാലക്കാട് റെയില്‍വെ പോലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കഴിഞ്ഞ 17ന് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ പ്രതിയുടെ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തത് ലാപ്‌ടോപ് ശേഖരം. ഐപാഡ്, ടാബ് ലറ്റ് എന്നിവയുള്‍പ്പെടെ 17 ലാപ്‌ടോപ്പുകളാണ് പ്രതി സൂക്ഷിച്ചിരുന്നത്. ഇതിനു പുറമെ 16 മൊബൈല്‍ ഫോണുകളും പത്തോളം റിസ്റ്റ് വാച്ചുകളും ഒരു ഡിജിറ്റല്‍ ക്യാമറയും കണ്ടെടുത്തു. ബംഗളൂരുവിലെ വിവിധ ജ്വല്ലറികളിലായി പ്രതി വില്‍പ്പന നടത്തിയ 27 പവന്‍ സ്വര്‍ണവും കണ്ടെടുത്തു.—സോഫ്റ്റ്‌വെയര്‍ നെറ്റ് വര്‍ക്കിംഗ് ബിസിനസ് നടത്തുന്നതിന്റെ പേരില്‍ ബംഗളൂരുവിലെ രാജാജി നഗറില്‍ ഒരുവീട് വാടകയ്‌ക്കെടുത്താണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സജേഷ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്നതും തിരിച്ചുപോകുന്നതുമായ ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എ സി കമ്പാര്‍ട്ടുമെന്റില്‍ തല്‍ക്കാല്‍ സംവിധാനത്തില്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തിരുന്നത്. മാന്യമായി വസ്ത്രധാരണം ചെയ്ത് യാത്രചെയ്യുകയും രാത്രി സമയങ്ങളില്‍ സഹയാത്രികരുടെ വിലപിടിപ്പുള്ള ബാഗുകളും മറ്റും കവര്‍ന്ന് രക്ഷപ്പെടുന്നതാണ് രീതി. പെരുമാറ്റത്തിലും വേഷത്തിലും യാതൊരു സംശയത്തിനും ഇടനല്‍കാത്തതിനാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു.———
ഒരുവര്‍ഷത്തോളമായുള്ള പോലീസിന്റെ നിരീക്ഷണത്തില്‍ കറുത്ത് തടിച്ച് ഉയരമുള്ള ഒരാളുടെ സാന്നിധ്യം മോഷണം നടന്ന കമ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. ഇതുപ്രകാരം നടത്തിയ അന്വേഷണമാണ് സജേഷിലേക്ക് എത്തിയത്. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചറില്‍ സഞ്ചരിക്കുമ്പോഴാണ് സജേഷിനെ അറസ്റ്റു ചെയ്തത്. ഈ സമയം ഇയാളുടെ കൈവശം ആറ് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും വാച്ചുകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടായിരുന്നു.———
സജേഷിനെതിരെ പാലക്കാട് റെയില്‍വെ പോലീസില്‍ മാത്രം 22 മോഷണകേസുകളുണ്ട്. ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സ്‌റ്റേഷനുകളിലും അന്യസംസ്ഥാനത്തും ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാഗുകളില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഫോട്ടോ മാറ്റിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
പോലീസ് ബംഗളൂരുവില്‍ നിന്നും കണ്ടെടുത്ത സാധനങ്ങളില്‍ 90 ശതമാനത്തിന്റെയും ഉടമകളെ കുറിച്ച് അറിവില്ല. യഥാര്‍ഥ ഉടമകള്‍ വ്യക്തമായ തെളിവുമായി ബന്ധപ്പെടണമെന്ന് പാലക്കാട് റെയില്‍വെ എസ് ഐ അറിയിച്ചു. ഫോണ്‍: 9497981121.—പാലക്കാട് റെയില്‍വെ ഡിവൈ എസ് പി കെ എല്‍ രാധാകൃഷ്ണന്റെയും സി ഐ ജുബി മാത്യുവിന്റെയും മേല്‍നോട്ടത്തില്‍ എസ ഐമാരായ എം മനു, രാജന്‍ കെ അരമന, സി പി ഒമാരായ കെ ജയകുമാര്‍, പി എസ് സലീം എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
ആര്‍ പി എഫ് ചെന്നൈ, പാലക്കാട് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത്, വിജയകുമാര്‍, എ എസ് ഐ സുനില്‍, സി പി ഒ അജീഷ് എന്നിവരും മറ്റ് റെയില്‍വെ ഉദ്യോഗസ്ഥരും പ്രതിയെ കുടുക്കാനുള്ള അന്വേഷണവുമായി സഹകരിച്ചു.—

Latest