ജനകീയ സംഗീത പ്രസ്ഥാനം പ്രമുഖരെ ആദരിച്ചു

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:38 pm
SHARE

കാസര്‍കോട്: നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ കൂട്ടായ്മയായ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കാസര്‍കോട് പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഏറ്റുവാങ്ങി. പൊന്‍പുലരി ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ അദ്ദേഹം കുട്ടികളില്‍ സൗഹൃദവും മതേതര ചിന്തയും വളര്‍ത്തുന്നതിനുവേണ്ടി കഠിന പ്രയത്‌നം നടത്തി. ഇതിനുള്ള അംഗീകാരമായാണ് കുട്ടികള്‍ അദ്ദേഹത്തെ അവാര്‍ഡ് നല്‍കി ആദരിച്ചത്. ചെണ്ടമേളത്തോടെയാണ് വിദ്യാര്‍ഥിനികള്‍ വിശിഷ്ഠാതിധികളെ ആനയിച്ചത്. നൃത്താഞ്ജലിയോടുകൂടിയുള്ള സ്വീകരണം ചടങ്ങിന് പുതുമയാര്‍ന്ന അനുഭവം പകര്‍ന്നു.
സ്‌കൂളിലെ സംഗീത അധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രസ്ഥാനം കഴിഞ്ഞ മൂന്ന് വര്‍ഷമായി സമുഹത്തിലെ പ്രശസ്ത വ്യക്തികളെ ഇത്തരത്തില്‍ ആദരിച്ചുവരുന്നു. അവാര്‍ഡ് ദാനചടങ്ങ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഹീര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഖാദര്‍ ബങ്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നെല്ലിക്കുന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കെ പി ഹരിപ്രസാദ്, കായിക പ്രതിഭ കുമാരി എന്‍ കെ പ്രണയ, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവരെ ആദരിച്ചു. പൂര്‍ണമായും കുട്ടികളുടെ നിയന്ത്രണത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ റിയാലിറ്റിഷോയിലൂടെ പ്രശസ്തി നേടിയ സംഗീതപ്രതിഭ സെലിന്‍ ജോസ്, അധ്യാപകരക്ഷാകര്‍തൃ സമിതി പ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥിനികള്‍ പ്രസംഗിച്ചു.