42 ഏക്കറിലെ കാപ്പി, കുരുമുളക് കൃഷികള്‍ ഇതിനകം നശിപ്പിച്ചു

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:37 pm
SHARE

വൈത്തിരി: നിലമ്പൂര്‍ കാടുകളില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം വൈത്തിരി പഞ്ചായത്തിലെ ഒലിവ്മല, വട്ടക്കുണ്ട് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. നാല് ആനകളടങ്ങുന്ന സംഘം സന്ധ്യമയങ്ങിയാല്‍ കൃഷിയിടങ്ങളിലേക്ക് എത്തുകയായി. ഇന്നലെ പകലും കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ചു. വിവരം അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ഭാഗത്തേക്ക് എത്തി ആനകളെ തുരത്താന്‍ നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. എല്ലാദിവസവും രാത്രി കര്‍ഷകര്‍ ഒരോ സ്‌ക്വാഡുകളായി തിരിഞ്ഞ് കൃഷിയിടത്തില്‍ നിന്ന് ആനകളെ തുരത്താന്‍ ഉറക്കമിളക്കുകയാണ്. പന്തം കത്തിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയുമൊക്കെയാണ് ആനകളെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് കണ്ട് ശീലിച്ച ആനകള്‍ ഇപ്പോള്‍ പിന്‍തിരിയാതെ നില്‍ക്കുകയാണ്. വനാതിര്‍ത്തിയില്‍ കുറച്ചുഭാഗങ്ങളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിരുന്നു. കൃത്യമായ പരിചരണമില്ലാതെ വേലികള്‍ ഉപയോഗശൂന്യമായി. ഇത് നന്നാക്കാനും ശേഷിക്കുന്ന ഭാഗത്ത് വൈദ്യുതി കമ്പിവേലി പുതുതായി സ്ഥാപിക്കാനുമെങ്കിലും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പത് ലക്ഷത്തിലേറെ രൂപയുടെ കൃഷിനാശമാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്. കെ ആര്‍ പ്രകാശന്‍, എസ് പ്രകാശം, സാമിക്കുട്ടി, ചന്ദ്രന്‍, ദേവസി കണ്ണാട്ടുപറമ്പില്‍, വര്‍ഗീസ് പുതുശേരി, ബേബി, ജോസ്, വേലായുധന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഇതിനകം കാട്ടാനകള്‍ നാശം വിതച്ചത്. വനം വകുപ്പ് അധികൃതര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് സി പി ഐ വൈത്തിരി ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.