ഖുര്‍ആന്‍ തീം പാര്‍ക്ക് അടുത്ത സെപ്തംബറില്‍ തുറക്കും

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:33 pm
SHARE

paki_06202013ദുബൈ: അല്‍ഖവാനീജില്‍ ദുബൈ മുനിസിപ്പാലിറ്റി ഖുര്‍ആന്‍ തീം പാര്‍ക്ക് ആരംഭിക്കുന്നു. ഖുര്‍ആനിന്റെ മഹാത്ഭുതങ്ങള്‍ അനാവരണം ചെയ്യുന്ന പാര്‍ക്ക് അടുത്ത വര്‍ഷം സെപ്തംബറോടെ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഒരുക്കുന്ന പാര്‍ക്ക് 60 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കും.
2.7 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന പാര്‍ക്ക് എയര്‍ കണ്ടീഷന്‍ സംവിധാനത്തിലാണ് സജ്ജീകരിക്കുന്നത്. ഖുര്‍ആനിന്റെ ചരിത്രവും അത്ഭുതവും സന്ദര്‍ശകര്‍ക്ക് വിവരിച്ചു കൊടുക്കും. ജലധാര, കുട്ടികളുടെ കളിസ്ഥലം, കൃത്രിമ തടാകം, തിയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് തീം പാര്‍ക്ക്. ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന മുഴുവന്‍ സസ്യങ്ങളും ഗ്ലാസ് ബില്‍ഡിംഗില്‍ നിര്‍മിക്കുന്ന ഇസ്‌ലാമിക ഗാര്‍ഡനില്‍ സജ്ജീകരിക്കും.
പാര്‍ക്കിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതായി പദ്ധതിയുടെ മേധാവി മുഹമ്മദ് നൂര്‍ മശ്ഹൂര്‍ പറഞ്ഞു. രണ്ടാം ഘട്ടം അടുത്ത മാസം ആരംഭിക്കും. മൂന്നാം ഘട്ടം അടുത്ത വര്‍ഷം ആഗസ്റ്റില്‍ ആരംഭിച്ച് മുഴുവന്‍ ജോലികളും സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.