ഫോണ്‍ ചോര്‍ത്തല്‍: ഇന്ത്യയും യു എസിന്റെ വഴിക്കോ

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:29 pm
SHARE

siraj copyപൗരന്മാരുടെ ഫോണ്‍ സന്ദേശങ്ങളും ഇ മെയിലും ഇന്ത്യന്‍ ഭരണകൂടവും ചോര്‍ത്തുന്നു. ദേശീയ സുരക്ഷയുടെ പേരിലാണ്, വിവാദമായ അമേരിക്കയുടെ ‘പ്രിസം’ പദ്ധതിക്ക് സമാനമായ സംവിധാനം രാജ്യത്ത് ആവിഷ്‌കരിക്കുന്നത്. 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സെന്‍ട്രല്‍ മോനിറ്റിംഗ് സിസ്റ്റം (സി എം എസ്) വഴിയാണ് പൗരന്മാരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍, എസ് എം എസ് , ഇ മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ പോസ്റ്റുകള്‍ തുടങ്ങിയവ ചോര്‍ത്താന്‍ പദ്ധതി.
ഭീകര പ്രവര്‍ത്തനങ്ങള്‍ ചെറുക്കുകയും കുറ്റകൃത്യങ്ങള്‍ തടയുകയുമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും മുന്നറിയിപ്പ്. പ്രിസം പദ്ധതിയിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ ഫോണ്‍, ഇ മെയില്‍ ചോര്‍ത്തലും ഭീകര പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും തടയാനെന്ന വ്യാജേനയായിരുന്നു. യു എസ് പൗരന്മാരുടെ ഫോണുകള്‍ മാത്രമാണ് തങ്ങള്‍ ചോര്‍ത്തുന്നതെന്നും ഇതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയുണ്ടെന്നും വൈറ്റ് ഹൗസ് അവകാശപ്പെടുകയുമുണ്ടായി. എന്നാല്‍ വിദേശ പൗരന്മാരില്‍ നിന്നാണ് അമേരിക്ക കൂടുതലും വിവരം ചോര്‍ത്തുന്നതെന്ന് ഗാര്‍ഡിയന്‍ പത്രം വെളിപ്പെടുത്തി. 2013 മാര്‍ച്ചില്‍ മാത്രം 9700 കോടി വിവരങ്ങള്‍ എന്‍ എസ് എ ചോര്‍ത്തിയെന്നും ഇതില്‍ 1400 കോടി വിവരങ്ങള്‍ ഇറാനില്‍ നിന്നും 1350 കോടി പാക്കിസ്ഥാനില്‍ നിന്നുമായിരുന്നു. നല്ല കൂട്ടാളിയെന്ന് ഒബാമ വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പൗരന്മാരില്‍ നിന്ന് അവര്‍ ചോര്‍ത്തിയത് 630 കോടി വിവരങ്ങളാണെന്നും ഗാര്‍ഡിയന്‍ പറയുന്നു.
യു എസിന്റെ വിവരം ചോര്‍ത്തല്‍ പദ്ധതി വിദേശ രാഷ്ട്രങ്ങള്‍ക്കാണ് കൂടുതല്‍ ഭീഷണിയെങ്കില്‍ ഇന്ത്യയുടെത് സ്വന്തം ജനതക്ക് തന്നെയായിരിക്കും കൂടുതല്‍ വിനയാകുകയെന്നാണ് ആശങ്ക. കോടതിയുടെയോ പാര്‍ലിമെന്റിന്റെയോ അനുമതിയില്ലാതെ സുരക്ഷാ ഏജന്‍സികള്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഭീഷണമായ ഒരു വശം. നിലവിലുള്ള അധികാരങ്ങള്‍ ഉപയോഗിച്ചു തന്നെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ചില പ്രത്യേക സമുദായാംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇശ്‌റത്ത് ജഹാന്‍ വധത്തില്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) നടത്തിയ കള്ളക്കളികള്‍ ഒന്നൊന്നായി വെളിച്ചത്ത് വന്നുകൊണ്ടിരിക്കയാണ്. ഇശ്‌റത്തും കൂട്ടുകാരും ലക്ശറെ തയ്യിബ പ്രവര്‍ത്തകരാണെന്ന കള്ളക്കഥ ചമച്ച് ഐ ബി അവരെ പിടിച്ചു കൊണ്ടുവന്ന് ഗുജറാത്ത് പോലീസിന് കൈമാറുകയായിരുന്നുവെന്നും ഗുജറാത്ത് പോലീസ് അവരെ വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് പ്രചരിപ്പിക്കുകയാണുണ്ടായതെന്നുമുള്ള വസ്തുത കണ്ടെത്തിയത് മറ്റൊരു അന്വേഷണ ഏജന്‍സിയായ സി ബി ഐ തന്നെയാണ്. ഈ കേസിന്റെ വിചാരണ ഇപ്പോള്‍ അലബാബാദ് ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു . ഇത്തരം ഏജന്‍സികള്‍ക്ക് ഫോണ്‍ കോളുകളും ഇ മെയില്‍ സന്ദേശങ്ങളും യഥേഷ്ടം ചോര്‍ത്താനുള്ള അനുമതി കൂടി ലഭിച്ചാല്‍ എന്തായിരിക്കും സ്ഥിതി? നിരുപദ്രവകരമായ ഫോണ്‍ കോളുകളും ഇ മെയില്‍ സന്ദേശങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് പൗരന്മാരെ കൊടും കുറ്റവാളികളായി ചിത്രീകരിക്കാന്‍ ഇത് സാഹചര്യമൊരുക്കില്ലെന്ന് ഉറപ്പ് തരാന്‍ സര്‍ക്കാറിനാകുമോ?
രാഷ്ട്രീയ കിടമത്സരങ്ങള്‍ക്കായി ഈ സംവിധാനം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആശയപരമായ സംവാദവും ഏറ്റുമുട്ടലുമെന്ന സുതാര്യവും ധാര്‍മികവുമായ മാര്‍ഗത്തില്‍ നിന്ന് മാറി എതിരാളികളെ ഒതുക്കാന്‍ അവിഹിത മാര്‍ഗങ്ങളും കുറുക്കു വഴികളും സ്വീകരിക്കുന്ന പ്രവണതയാണ് കക്ഷി രാഷ്ട്രീയ രംഗത്ത് ഇന്ന് വ്യാപകമായി കണ്ടു വരുന്നത്. പ്രതിയോഗികള്‍ക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കല്‍, ചാക്കിട്ടുപിടുത്തം, കൊന്നൊടുക്കല്‍ തുടങ്ങിയ ആശ്യാസമല്ലാത്ത പ്രവണതകള്‍ക്കിടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങളും പദ്ധതികളും മുന്‍കൂട്ടി കണ്ടറിഞ്ഞു പ്രതിരോധിക്കാന്‍ ഭരണ കക്ഷികള്‍ ചോര്‍ത്തല്‍ പദ്ധതി ദുരുപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
ഭീകരതയും കുറ്റകൃത്യങ്ങളും തടയേണ്ടത് തന്നെ. അത് പക്ഷേ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിച്ചു കൊണ്ടാകരുത്. വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഭരണ ഘടനാപരമാണ്. ഭീകരവാദത്തിന്റെ ഭീഷണി പെരുപ്പിച്ചു കാണിച്ചു എന്തു നിയമനിര്‍മാണവും നടത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് അനുയോജ്യമല്ല.