Connect with us

Sports

വിംബിള്‍ഡണില്‍ ഫെഡറര്‍-നദാല്‍ ക്വാര്‍ട്ടറിന് സാധ്യത

Published

|

Last Updated

ലണ്ടന്‍: ഇത്തവണ വിംബിള്‍ഡണ്‍ ഫൈനല്‍ വരെ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചിന് അനായാസം മുന്നേറാം. ഫെഡറര്‍, നദാല്‍, ആന്‍ഡി മുറെ എന്നിവരെയൊന്നും ഫൈനലിന് മുമ്പായി ജൊകോവിചിന് നേരിടേണ്ടതില്ല. അതേ സമയം, ഏഴ് തവണ വിംബിള്‍ഡണ്‍ നേടി ചരിത്രം സൃഷ്ടിച്ച റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണ്‍ എട്ട് തവണ സ്വന്തമാക്കി ചരിത്രം കുറിച്ച റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ നേര്‍ക്കു നേര്‍ വരുന്നതാണ് ഫിക്ചര്‍. ഒരു ഗ്രാന്‍സ്ലാം എട്ട് തവണ ഉയര്‍ത്തി റെക്കോര്‍ഡിട്ട നദാലിനൊപ്പമെത്താനുള്ള അവസരമാണ് ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ വേദി. പരുക്ക് ഭേദപ്പെട്ടെത്തുന്ന ബ്രിട്ടന്റെ ആന്‍ഡി മുറെക്ക് ഫൈനലിലെത്തണമെങ്കില്‍ മുന്‍നിരക്കാരെ മറികടക്കേണ്ടതുണ്ട്.
ഫെഡററും നദാലും മുപ്പത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നദാലിനാണ് മുന്‍തൂക്കം. 2006,2007 വിംബിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ പരാജയപ്പെട്ടപ്പോള്‍ 2008 ല്‍ ഫെഡററുടെ അപ്രമാദിത്വം ചോദ്യം ചെയ്ത് നദാല്‍ പുല്‍ക്കോര്‍ട്ടില്‍ ആദ്യമായി ചാമ്പ്യനായി. 2003 ലാണ് ഫെഡറര്‍ ആദ്യമായി വിംബിള്‍ഡണ്‍ നേടിയത്. ആ നേട്ടത്തിന്റെ പത്താം വാര്‍ഷികം എട്ടാം വിംബിള്‍ഡണ്‍ ഉയര്‍ത്തി ഫെഡറര്‍ ആഘോഷിക്കുമോ എന്നാണ് ടെന്നീസ് ലോകത്തിന് അറിയേണ്ടത്.
2008, 2010 വിംബിള്‍ഡണ്‍ ചാമ്പ്യനായ നദാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഇതേത്തുടര്‍ന്ന് നദാലിന് ഇത്തവണ അഞ്ചാം സീഡാണ് ലഭിച്ചത്. സ്‌പെയിനിന്റെ ഡേവിഡ് ഫെഡറര്‍ നാലാം സീഡായപ്പോള്‍ ആന്‍ഡി മുറെ രണ്ടാം സീഡും ഫെഡറര്‍ മൂന്നാം സീഡുമായി. ജൊകോവിചാണ് ഒന്നാം സീഡ്.
ഇതു പ്രകാരം ജൊകോവിച്-ബെര്‍ഡിയാക്, ഡേവിഡ് ഫെറര്‍-മാര്‍ട്ടിന്‍ ഡെല്‍ പൊട്രൊ, നദാല്‍-ഫെഡറര്‍, സോംഗ-മുറെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കാണ് സാധ്യത.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസാണ് ടോപ് സീഡ്. വീനസ് വില്യംസ് പരുക്ക് കാരണം പിന്‍മാറി. വിക്‌ടോറിയ അസാരെങ്ക രണ്ടാം സീഡും മരിയ ഷറപോവ മൂന്നാം സീഡുമാണ്.
തിങ്കളാഴ്ചയാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.

 

Latest