കെട്ടിട ഉടമക്കെതിരെ താമസക്കാര്‍ നിയമ നടപടിക്ക്‌

Posted on: June 21, 2013 7:47 pm | Last updated: June 21, 2013 at 7:47 pm
SHARE

അജ്മാന്‍: കരാര്‍ പുതുക്കണമെങ്കില്‍ വീണ്ടും ഡെപ്പോസിറ്റ് നല്‍കണമെന്ന കെട്ടിട ഉടമയുടെ വ്യവസ്ഥക്കെതിരെ താമസക്കാര്‍ നിയമനടപടിക്ക്. ഷാര്‍ജ അല്‍ നബ്ബയിലാണ് താമസക്കാര്‍ കെട്ടിട ഉടമക്കെതിരെ രംഗത്തെത്തിയത്. നബ്ബയിലെ അല്‍ മത്തീന്‍ കഫ്‌റ്റേരിയക്ക് മുന്‍വശം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയാണ് പുതിയ വ്യവസ്ഥ ഉന്നയിച്ചത്. കെട്ടിട താമസക്കാര്‍, വാടകക്കരാര്‍ പുതുക്കിയപ്പോള്‍ 2,000 ദിര്‍ഹം ഡെപ്പോസിറ്റും ഓഫീസ് ജോലികള്‍ക്കായി മറ്റൊരു തുകയും നല്‍കിയിരുന്നു. കരാര്‍ തീര്‍ന്നവര്‍ വീണ്ടും പുതുക്കാന്‍ ഉടമയെ സമീപിച്ചപ്പോഴാണ്, വീണ്ടും ഡെപ്പോസിറ്റ് തുക ആവശ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ കരാറില്‍ നല്‍കിയ ഡെപ്പോസിറ്റ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്നും കെട്ടിട ഉടമ പറഞ്ഞു. പുതിയ കരാര്‍ ആവശ്യമാണെങ്കില്‍ വീണ്ടും ഡെപ്പോസിറ്റും സര്‍വീസ് ചാര്‍ജായ 1,000 ദിര്‍ഹം അധികം നല്‍കണമെന്നും പുതിയ വാടക നല്‍കണമെന്നും പറഞ്ഞു.
സ്റ്റുഡിയോ ഫഌറ്റ് മുന്‍ വര്‍ഷങ്ങളില്‍ 8,000 ദിര്‍ഹമിനും ഒറ്റ മുറി ഫഌറ്റ് 16,000 ദിര്‍ഹമിനുമാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം സ്റ്റുഡിയോ ഫഌറ്റിന് 16,000 ദിര്‍ഹമും ഒറ്റ റൂം ഫഌറ്റിന് 21,000 ദിര്‍ഹമുമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഫഌറ്റുകള്‍ ഉടമ നേരിട്ടാണ് കരാര്‍ ഉറപ്പിച്ചതെന്നും ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് നടത്തിപ്പിന് നല്‍കിയിരിക്കുകയാണെന്നും പുതിയ കരാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി തയാറാക്കണമെന്നുമാണ് കെട്ടിട ഉടമ അറിയിച്ചിരിക്കുന്നത്.
മറ്റു കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കെട്ടിട ഉടമ നിയോഗിക്കുന്ന ആളാണെങ്കില്‍, ഇവിടെ നേരെ മറിച്ചാണ്. താമസക്കാര്‍ തന്നെ ആളെ കണ്ടെത്തണം. അതും സ്വന്തം ചെലവില്‍. ഈ വ്യവസ്ഥക്കെതിരെ നഗരസഭയെയും പോലീസിനെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് താമസക്കാര്‍. പഴയ ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കുകയോ അല്ലെങ്കില്‍ പഴയ ഡെപ്പോസിറ്റില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ വാടക വര്‍ധിപ്പിച്ച് കരാര്‍ പുതുക്കി നല്‍കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.