കര്‍ശന നടപടിക്ക് ശൈഖ് സുല്‍ത്താന്റെ ഉത്തരവ്‌

Posted on: June 21, 2013 7:08 pm | Last updated: June 21, 2013 at 7:08 pm
SHARE

imagesഷാര്‍ജ: വീട്ടുവാതിലുകളിലും വാഹനങ്ങളിലും പരസ്യങ്ങളും നോട്ടീസുകളും പതിക്കുന്നതും വിതരണം ചെയ്യുന്നതും കര്‍ശനമായി നേരിടും. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കാനും നാടുകടത്താനും ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.
ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചതായി ഷാര്‍ജ പോലീസ് ഉപ മേധാവി അബ്ദുല്ല മുബാറക് അല്‍ ദുഖാന്‍ അറിയിച്ചു. ഭരണാധികാരിയുടെ ഉത്തരവ് നടപ്പാക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരഭംഗിക്ക് ഹാനികരമാണ് ഇത്തരം നോട്ടീസ് വിതരണവും പതിക്കലും. അതിനു പുറമെ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും. അതിനാല്‍ ഇത്തരത്തിലുള്ള നോട്ടീസ് വിതരണങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ല.
പല സ്ഥാപനങ്ങളും അവയുടെ സേവനങ്ങളുടെ സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ ഇത്തരത്തിലുള്ള പരസ്യ രീതികള്‍ സ്വീകരിക്കാറുണ്ട്. ഈ രീതിയിലുള്ള നോട്ടീസ് വിതരണം എറ്റെടുത്ത് നടത്താന്‍ ചില വ്യക്തികളുണ്ട്. ഫഌറ്റുകളില്‍ കയറിയിറങ്ങിയും പാര്‍ക്കിംഗുകളില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നോട്ടീസുകള്‍ വെച്ചുമാണ് ഇവര്‍ ദൗത്യം നിര്‍വഹിക്കുന്നത്. ഇത്തരക്കാരെ ലക്ഷ്യം വെച്ചാണ് പോലീസ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഈയിടെ നഗരത്തിലെ ഒരു ഫഌറ്റിന്റെ വാതിലില്‍ പതിച്ച നോട്ടീസിനെതിരെ താമസക്കാരന്‍ പരാതിപ്പെട്ടിരുന്നു. നോട്ടീസില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ വഴി പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതി അനധികൃത താമസക്കാരനാണെന്ന് വ്യക്തമായതിനാല്‍ നിയമനടപടി നേരിടുകയാണ്.
ഏതായാലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 999 നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷിത സമൂഹമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.