Connect with us

National

ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത് പുനപരിശോധിക്കില്ലെന്ന് സഊദി

Published

|

Last Updated

ന്യൂഡല്‍ഹി: ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സഊദി അറേബ്യ തള്ളി. ഇന്ത്യക്ക് മാത്രമായി ഇത്തരത്തിലൊരു ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സഊദിയുടെ നടപടി. സഊദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്.

കഅ്ബാ പ്രദക്ഷിണം നടക്കുന്നയിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനവും സ്വദേശികളുടെ ക്വാട്ടയില്‍ 50 ശതമാനവും കുറവ് വരുത്താന്‍ സഊദി അറേബ്യ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യക്ക് 34000 ക്വാട്ട നഷ്ടമാകും. തുടര്‍ന്നാണ് ക്വാട്ട വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സഊദിയെ സമീപിച്ചത്. 1,70,025 പേരുടെ ക്വാട്ടയാണ് സഊദി സര്‍ക്കാര്‍ രാജ്യത്തിന് അനുവദിച്ചിരുന്നത്. 20 ശതമാനം വെട്ടിക്കുറച്ചതോടെ ഇന്ത്യയുടെ ക്വാട്ട 1,36,020 ആയി കുറയും.

അതേസമയം, ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത് ഹജ്ജ് കമ്മിറ്റി വഴി പുറപ്പെടുന്നവരെ ഒരുനിലക്കും ബാധിക്കില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സിറാജ്‌ലൈവിനോട് പറഞ്ഞു. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകും. 8470 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. ഇതില്‍ 6470 സംസ്ഥാനത്തിനുള്ള ക്വാട്ടയും ബാക്കി രണ്ടായിരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബാക്കി വരുന്ന ക്വാട്ടയുമാണ്. ഇത് രണ്ടിനും നിലവിലെ വെട്ടിക്കുറക്കല്‍ ബാധിക്കില്ല. സ്വകാര്യ ഗ്രൂപ്പുകള്‍ക്കുള്ള ക്വാട്ടയില്‍ കുറവ് വരുത്തിയാണ് നിലവിലെ പ്രശ്‌നം പരിഹരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest