പത്ത് രൂപക്ക് കുടിവെള്ളം: വോട്ട് പിടിക്കാന്‍ ജയലളിതയുടെ പുതിയ തന്ത്രം

Posted on: June 21, 2013 2:58 pm | Last updated: June 21, 2013 at 3:08 pm
SHARE

jayalalitha1ചെന്നൈ: പാവപ്പെട്ടവര്‍ക്ക് സൗജന്യ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ ജയലളിത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഏറ്റവും കുറഞ്ഞ വിലക്ക് പച്ചക്കറിയും പത്ത് രൂപക്ക് കുടിവെള്ളവുമാണ് ജയലളിതയുടെ പുതിയ വാഗ്ദാനം.

ഒരു രൂപക്ക് ഇഡ്‌ലി ലഭിക്കുന്ന കാന്റീനുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കുറഞ്ഞവിലക്ക് പച്ചക്കറിയുമൊയി ജയലളിത എത്തുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച ഇത്തരത്തിലുള്ള 31 പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ തുറന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ അമ്പത് ശതമാനം വരെ കുറഞ്ഞവിലയിലാണ് ഇവിടെ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. ഇതുകൊണ്ടു തന്നെ ആദ്യ ദിവസം തന്നെ അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കച്ചവടമാണ് ഈ ഔട്ട്‌ലെറ്റുകളില്‍ നടന്നത്.

അമ്മ എന്ന പേരില്‍ സെപ്തംബറില്‍ മിനറല്‍ വാട്ടര്‍ കമ്പനിയും ജയലളിത തുടങ്ങുന്നുണ്ട്. പത്ത് രൂപക്ക് ഒരു കുപ്പി വെള്ളം നല്‍കുമെന്നാണ് വാഗ്ദാനം. റെയില്‍വേ പുറത്തിറക്കുന്ന റെയില്‍ നീരിന് പോലും 15 രൂപ ഉള്ളപ്പോഴാണ് കുടിവെള്ളം കുറഞ്ഞ വിലക്ക് നല്‍കി ജയലളിത ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.