Connect with us

Kerala

അവിഹിതബന്ധം വിവാഹമാണെന്ന കോടതി വിധി കുടുംബ ജീവിതത്തിന് ഭീഷണി: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് “വിവാഹ” മായി സാധൂകരിക്കണമെന്ന കോടതിവിധിയും അതെ തുടര്‍ന്നുള്ള വിശദീകരണവും, പരിപാവനമായി കണക്കാക്കുന്ന വൈവാഹിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നതും കുടുംബജീവിതത്തിന് ഭീഷണിയുമാണെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസില്‍ നടന്ന ഖത്മുല്‍ ബുഖാരി സഖാഫി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവാഹ ജീവിതം പവിത്രമായാണ് സര്‍വമതങ്ങളും, സമൂഹവും പരിഗണിക്കുന്നത്. മത മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയരായി സ്ത്രീയും പുരുഷനും വിവാഹിതരാകുന്ന വ്യവസ്ഥിതിയാണ് നിലവിലുള്ളതും. കണിശമായ ഇത്തരം നിയമ-നിബന്ധനകളെ നിരാകരിക്കുന്ന ബന്ധവും കൂട്ടുജീവിതവും സാമൂഹിക ജീര്‍ണതയും ലൈംഗിക അരാജകത്വവുമാണ് സൃഷ്ടിക്കുക. നേരത്തെ വിവാഹിതരായവര്‍ വിവാഹ ബാഹ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതും കോടതി വിധിയുടെ പശ്ചാതലത്തില്‍ വിവാഹമായി പരിഗണിക്കേണ്ടിവരും. ഇത് കുടുംബ ശൈഥില്യത്തിനും സാമൂഹിക ജീര്‍ണതക്കും വളംവെക്കും. തന്നെയുമല്ല, ബഹുഭാര്യ-ഭര്‍തൃത്വത്തിനും കാരണമാകും. ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകളുടെ രക്ഷക്കും പുനരധിവാസത്തിനും അവസരോചിതമായ നിയമനിര്‍മാണവും നടപടികളുമാണ് സര്‍ക്കാറും നീതിന്യായ പീഠവും സ്വീകരിക്കേണ്ടത്. ധാര്‍മികവും സദാചാരപരവുമായ ജീവിതത്തിനു ഊന്നല്‍ നല്‍കുന്ന പരിസ്ഥിതികളെ സൃഷ്ടിക്കാനും സമൂഹത്തില്‍ മൊത്തത്തില്‍ സാംസ്‌കാരിക അവബോധം വളര്‍ത്തി ലൈംഗികാതിക്രമങ്ങള്‍ക്കും ചൂഷണത്തിനും തടയിടാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും കാന്തപുരം പറഞ്ഞു. കോടതിവിധിയും അതിനെതുടര്‍ന്നുള്ള നിരീക്ഷണവും തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകുന്നതാണ്. ലൈംഗിക വിശുദ്ധിയും അച്ചടക്കവും നഷ്ടപ്പെടാനും ലൈംഗികാതിക്രമങ്ങളിലേക്ക് ജനതയെ പ്രേരിപ്പിക്കാനും ഈ വിധി കാരണമാകുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ നടന്ന ഖത്മുല്‍ ബുഖാരി സംഗമത്തില്‍ നാലായിരത്തോളം ബിരുദധാരികളായ സഖാഫികള്‍ പങ്കെടുത്തു. അവര്‍ക്കു പുറമെ പൊതുജനങ്ങളും മതവിദ്യാര്‍ഥികളും സംബന്ധിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. പാരമ്പര്യവും പവിത്രവുമായ ചരിത്രകൈമാറ്റത്തിലൂടെ നേടിയെടുത്ത അറിവ് കൊണ്ട് മാത്രമേ ധാര്‍മികമായി സമൂഹത്തെ സംസ്‌കരിക്കന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ മാത്രമെ സ്വാധീനിക്കുന്നുള്ളൂ. മറിച്ച് മത ധാര്‍മിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നത് വഴി വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ അഭിവൃദ്ധിയാണ് രൂപപ്പെടുന്നതെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഖത്മുല്‍ ബുഖാരി അനുഗ്രഹ സമര്‍പ്പണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ് റാഹിമുല്‍ ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിഷയാവതരണവും നടത്തി. “പ്രബോധനത്തിന്റെ പുതുവഴികള്‍” എന്ന വിഷയത്തെ അധികരിച്ച് ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ഹസ്രത്ത് മുഖ്താര്‍ ബാഖവി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് തുറാബ് തലപ്പാറ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അലവി സഖാഫി കൊളത്തൂര്‍, മന്‍സൂര്‍ ഹാജി ചെന്നൈ സംബന്ധിച്ചു. പരിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ മര്‍കസ് വൈ.പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനിയെ ചടങ്ങില്‍ ആദരിച്ചു. അബ്ദുല്‍ അസീസ് സഖാഫി സ്വാഗതവും കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ നന്ദിയും പറഞ്ഞു. മര്‍കസ് പുതുതായി തുടങ്ങിയ ഒയായിസ് പ്രൊഫഷനല്‍ മത-ബിരുദ പഠന കോഴ്‌സിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ബുധനാഴ്ച നടന്ന ദൗറത്തുല്‍ ഖുര്‍ആ(ഖുര്‍ആന്‍ പാരായണ-പഠന സദസ്സ്)നില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

 

Latest