ലൈഗികാരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെ പിരിച്ചു വിട്ടു

Posted on: June 21, 2013 10:58 am | Last updated: June 22, 2013 at 12:58 am
SHARE

Oommen Chandy 24 x 7തിരുവനന്തപുരം: ലൈംഗിക ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരനെ പിരിച്ചു വിട്ടു. ഗിരീഷ് കുമാര്‍ എന്ന ജീവനക്കാരനെയാണ് പിരിച്ചു വിട്ടത്. പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയ അദ്ധ്യാപികയോട് ഇയാള്‍ മോശമായി പെരുമാറിയതായാണ് പരാതി.

തന്റെ ജോലിയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പരാതി പരിഹാര സെല്ലിലേക്ക് വിളിച്ച പരാതിക്കാരിയോട് തന്നെ വന്നു കാണാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. വളരെ മോശമായ രീതിയിലാണ് ഇയാള്‍ സംസാരിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇയാള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്തതിനാല്‍ ഇയാളുടെ കൂട്ടുകാര്‍ക്കും ഇയാള്‍ നമ്പര്‍ നല്‍കുകയും അവരും ഫോണില്‍ വിളിച്ച് ശല്യം ചെചെയ്തുവെന്നും പരാതിക്കാരി പറയുന്നു.
മെയ് 25ന് തന്നെ ശല്യം ചെയ്യുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും ഒരു മാസത്തോളം അറിയിപ്പൊന്നും ഉണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു.

പിന്നീട് പൊതുഭരണവകുപ്പ് അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് ജീവനക്കാരനെ പിരിച്ചുവിടുന്ന ഉത്തരവിറങ്ങിയത്. ലൈംഗികാരോപണക്കേസുകളില്‍ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയാണ് ഇതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലംഘിച്ചത്.