Connect with us

Malappuram

ടി പി കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രധാന സാക്ഷികള്‍ ഫോണില്‍ ബന്ധപ്പെട്ടു: പ്രതിഭാഗം

Published

|

Last Updated

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ പ്രധാന സാക്ഷികള്‍ ഫോണില്‍ ബന്ധപ്പെട്ടതായി പ്രതിഭാഗം. മൂന്നാം സാക്ഷി ടി പി മനീഷ്‌കുമാറാണ് ഒന്നാം സാക്ഷി കെ കെ പ്രസീതുമായും രണ്ടാം സാക്ഷി ടി പി രമേശനുമായും ഫോണില്‍ ബന്ധപ്പെട്ടത്. മനീഷിന്റെ നമ്പറില്‍ നിന്ന് പ്രസീത് ഉപയോഗിച്ച ഭാര്യയുടെ പേരിലുള്ള നമ്പറിലേക്ക് ടി പി മരിച്ചതിന് തൊട്ടടുത്ത ദിവസങ്ങളില്‍ 21 തവണയാണ് വിളിച്ചത്. രമേശന്റെ നമ്പറിലേക്ക് നാല് തവണയും ആര്‍ എം പി പ്രാദേശിക നേതാക്കളായ കുളങ്ങര ചന്ദ്രന്‍, കെ കെ സദാശിവന്‍ എന്നിവരുടെ നമ്പറിലേക്കും മനീഷിന്റെ ഫോണില്‍ നിന്ന് കോളുകള്‍ പോയിട്ടുണ്ട്. ടി പി കൊല്ലപ്പെട്ട രാത്രി 9.40നും 10.31നും 10.46നും മനീഷിന്റെ മൊബൈലിലേക്ക് പിതാവ് ടി പി കുഞ്ഞിക്കണ്ണന്റെ പേരിലുള്ള വീട്ടിലെ ലാന്‍ഡ്‌ഫോണി (0496-2516004)ല്‍ നിന്ന് കോളുകള്‍ വന്നിട്ടുണ്ട്.

2012 ഏപ്രില്‍ 25ന് കെ സി രാമചന്ദ്രന്‍ പള്ളിക്കുനിയില്‍ വെച്ച് കൊടി സുനിക്ക് പണം കൈമാറുന്നത് കണ്ടുവെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്റെ 48-ാം സാക്ഷി പ്രകാശന്‍ സംഭവസമയത്ത് ഇല്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ ടി പി കേസിലെ 158-ാം സാക്ഷി ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസര്‍ രമേശ് രാജിന്റെ എതിര്‍ വിസ്താരത്തിലാണ് പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ 14ന് നടന്ന രമേശ് രാജിന്റെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കൊലയാളി സംഘാംഗങ്ങളുമായി സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം സി എച്ച് അശോകന്‍, പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടെന്ന് തെളിയിക്കുന്ന സി ഡി ആര്‍ വിചാരണക്കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
ടി പി കേസിലെ മൂന്നാം സാക്ഷി ടി പി മനീഷ്‌കുമാര്‍, 48-ാം സാക്ഷി പ്രകാശന്‍ എന്നിവരുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങളടങ്ങിയ സി ഡി ആറും ടവര്‍ ലൊക്കേഷനുമാണ് ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസറുടെ വിസ്താരത്തിനിടെ കോടതിയിലെത്തിയത്. ടി പി ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘാംഗങ്ങളെ മുഴുവന്‍ കോടതിയില്‍ തിരിച്ചറിഞ്ഞ ദൃക്‌സാക്ഷിയായ ടി പി മനീഷ് കുമാര്‍ അഞ്ചിന് ശേഷം രണ്ടുമൂന്ന് ദിവസം നാട്ടില്‍ കലാപമുണ്ടാകുമെന്ന് ഭയന്ന് മാറിനിന്നെന്ന് മൊഴി നല്‍കിയിരുന്നു. ടി പിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടെന്നും ടി പിയുടെ ശവമഞ്ചം ചുമക്കാന്‍ താനുണ്ടായിരുന്നെന്നും ഭൗതികദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അഞ്ചെട്ട് റെഡ് വളണ്ടിയര്‍മാര്‍ക്കൊപ്പം ജീപ്പില്‍ പോയെന്നും മനീഷ് വെളിപ്പെടുത്തിയിരുന്നു. മെയ് നാലിനും അഞ്ചിനും വള്ളിക്കാട്ടും ടി പിയുടെ വീടിന്റെ പരിസരത്തും താന്‍ ഉണ്ടായിരുന്നെന്നും പിന്നീട് വടകര പെരുവാട്ട്താഴത്തെ ബന്ധുവീട്ടില്‍ പോയി താമസിച്ചെന്നുമാണ് മനീഷ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനീഷ്‌കുമാറിന്റെ 9496682127 നമ്പര്‍ മൊബൈല്‍ സിം പെരുവാട്ട്താഴം ടവറിന്റെ പരിധിയില്‍ ഇല്ലായിരുന്നെന്നും വള്ളിക്കാട്-2 ടവറിന്റെ പരിധിയിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. പള്ളിക്കുനിയില്‍ വെച്ച് എട്ടാം പ്രതി സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍ കൊടി സുനിക്ക് പണം കൈമാറുന്നതായി കണ്ടതായി 48-ാം സാക്ഷി പ്രകാശന്‍ പറഞ്ഞത് കളവാണ്. സ്ഥല വില്‍പ്പനയുമായി ബന്ധപ്പെട്ട് മോനാട്ട് ഭാസ്‌കരന്‍ എന്നയാള്‍ 2012 ഏപ്രില്‍ 25ന് രാവിലെ ഫോണില്‍ വിളിച്ചത് അനുസരിച്ച് പള്ളിക്കുനിയില്‍ എത്തിയപ്പോഴാണ് പണം കൈമാറുന്നത് കണ്ടതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഫോണ്‍രേഖ പ്രകാരം മോനാട്ട് ഭാസ്‌ക്കരന്‍ വൈകീട്ടാണ് പ്രകാശനെ വിളിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ടി പി കേസുമായി ബന്ധപ്പെട്ടുള്ള 284 അംഗ സാക്ഷിപ്പട്ടികയില്‍ ഒഴിവാക്കിയ 124 പേരൊഴികെ 160 പേരെയും അധികമായി കൂട്ടിച്ചേര്‍ത്ത കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെയും തലശ്ശേരി ജോയിന്റ് ആര്‍ ടി ഒയെയും ഇതിനകം വിസ്തരിച്ചുകഴിഞ്ഞു. ഇന്ന് മുതല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കും. ടി പി കൊല്ലപ്പെട്ട സ്ഥലത്തിന്റെ മഹസര്‍ തയ്യാറാക്കുകയും കേസിലുള്‍പ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ വിശദമായി പരിശോധിക്കുകയും ചെയ്ത കുറ്റിയാടി സി ഐ. വി വി ബെന്നിയെ ഇന്ന് വിസ്തരിക്കും.