Connect with us

Kozhikode

20 മിനുട്ട്; അംഗീകരിച്ചത് 115 അജന്‍ഡകള്‍

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗ നടപടികള്‍ക്ക് ഇന്നലെ വേണ്ടിവന്നത് വെറും 20 മിനുട്ട്. അംഗീകരിച്ചത് 115 അജന്‍ഡകള്‍. ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചകളും നടന്നു. പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതാണ് നടപടികള്‍ക്ക് വേഗതയേറാന്‍ കാരണം. പ്രതിപക്ഷ നേതാവ് എം ടി പത്മ, ഉപനേതാവ് കെ മുഹമ്മദാലി എന്നിവരെ മര്‍ദിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേയര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കി. 25ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ കൗണ്‍സില്‍ യോഗവുമായി സഹകരിക്കൂ എന്നതാണ് പ്രതിപക്ഷ നിലപാട്.
വിമര്‍ശത്തിന് അതീതയാണെന്ന മേയറുടെ ചിന്താഗതിയാണ് പ്രശന്ങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ കൗണ്‍സില്‍ യോഗം വിളിക്കേണ്ട കാര്യമില്ലെന്ന് മുഹമ്മദാലി പറഞ്ഞു.
അതേസമയം, പ്രതിപക്ഷാംഗങ്ങള്‍ തന്നെ വിമര്‍ശിക്കുകയായിരുന്നില്ല, അധിക്ഷേപിക്കുകയായിരുന്നുവെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണനടപടികള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇറങ്ങിപ്പോകാനാണ് പുറത്തേക്ക് വിരല്‍ ചൂണ്ടി പ്രതിപക്ഷ കൗണ്‍സിലര്‍ പറഞ്ഞത്. കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ചട്ടപ്രകാരം പ്രവര്‍ത്തിക്കേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഗോവിന്ദപുരം-മാങ്കാവ് റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഒരു പ്രദേശത്ത് മുഴുവന്‍ കുടിവെള്ളം നിലച്ച കാര്യമാണ് കൗണ്‍സിലര്‍ ചേമ്പില്‍ വിവേകാനന്ദന്‍ ശ്രദ്ധക്ഷണിക്കലില്‍ അവതരിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി പൈപ്പ് പൊട്ടിയിട്ട്. ഇതുമൂലം ഗോവിന്ദപുരം, കാവില്‍താഴം, കാവില്‍ക്കോട്ട, മാങ്കാവ് പ്രദേശങ്ങളിലെ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് മഴക്കാലത്തു പോലും കുടിവെള്ളമില്ലാത്ത അവസ്ഥയാണെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി.
പ്രശ്‌നം ഉടന്‍ വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ടി മൊയ്തീന്‍കോയ, ഒ എം ഭരദ്വാജ്, വി കെ മോഹന്‍ദാസ് എന്നിവരും ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചു.

Latest