അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും: സി ഡി എ ചെയര്‍മാന്‍

Posted on: June 21, 2013 8:09 am | Last updated: June 21, 2013 at 8:09 am
SHARE

കോഴിക്കോട്: അരയിടത്തുപാലത്തെ കാലിക്കറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലത്ത് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ 21 സെന്റ്സ്ഥലത്ത് പി പി പി മോഡലില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കും. പദ്ധതിക്ക് വേണ്ടി കോര്‍പറേഷന്‍ യെന്നവീസ് എന്ന സ്ഥാപനവുമായി ബി ഒ ടി കരാര്‍ ഒപ്പുവെച്ചു. പദ്ധതി നടത്തിപ്പ് ചുമതല സി ഡി എക്കാണ്.
പാളയം മുതല്‍ ഫ്രാന്‍സിസ് റോഡ് ജംഗ്ഷന്‍ വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതി മീഞ്ചന്ത വരെ ദീര്‍ഘിപ്പിക്കുന്നതിനും പദ്ധതി ഒന്നായി നടപ്പാക്കുന്നതിനും ശ്രമിക്കും. റോഡ് വീതി കൂട്ടുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥല ഉടമകളെയും കച്ചവടക്കാരെയും പൂര്‍ണമായും പുനരധിവസിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. നഗരത്തിലെ പുരാതനമായതും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്നതുമായ വലിയങ്ങാടി പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അര്‍ബന്‍ റീ കണ്‍സ്ട്രക്ഷന്‍ പദ്ധതി നടപ്പാക്കും.
അര്‍ബന്‍ റിന്യൂവല്‍ പദ്ധതിയിലുള്‍പ്പെടുത്തി മിഠായ്‌ത്തെരുവ് പുനരുദ്ധാരണ പ്രവൃത്തിക്ക് ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിയില്‍ ഇവിടത്തെ പ്രധാന പ്രശ്‌നമായ മതിയായ വീതിയില്ലാത്ത വഴികളുടെ കാര്യത്തിലോ പഴക്കംചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കോ പുനര്‍നിര്‍മാണത്തിനോ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഈ പ്രദേശത്തെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും റോഡുകള്‍ വികസിപ്പിക്കുന്നതിനും അതുമൂലം തീപ്പിടിത്തം കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ളതുമാണ് സി ഡി എ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി. ഇതിനായി പൊതുജന പങ്കാളിത്തത്തോടെ വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വികസന അതോറിറ്റിയുടെ കീഴിലുള്ള ബേപ്പൂര്‍ ഗോഡൗണ്‍ കോംപ്ലക്‌സിന്റെ വികസനത്തിനായി മാറ്റിവെച്ചിരുന്ന സ്ഥലത്ത് പുതിയ ഗോഡൗണുകള്‍ നിര്‍മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ഇതോടൊപ്പം നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവ നടക്കുമെന്നും നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകള്‍ വികസിപ്പിക്കുമെന്നും സി ഡി എ ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി ഡി എ സെക്രട്ടറി ജയനും പങ്കെടുത്തു.