കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; അഞ്ച് പോലിസുകാര്‍ക്കും മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരുക്ക്

Posted on: June 21, 2013 8:01 am | Last updated: June 21, 2013 at 8:01 am
SHARE

മലപ്പുറം: സ്വാശ്രയകോളജ് ഫീസ് കുറക്കുക, അവകാശ പത്രിക അംഗീകരിക്കുക, എയ്ഡഡ് കോളജ് അധ്യാപക നിയമനം പി എസ് സിക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാകമ്മിറ്റി ജില്ലാ വിദ്യഭ്യാസ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അഞ്ച് പോലിസുകാര്‍ക്കും മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡി ഡി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ഓഫിസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ അക്രമസക്തരായ കെ എസ് യു പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് പോലിസ് ലാത്തി വീശി. ഇതിനിടയിലാണ് കെ എസ് യു ജില്ലാപ്രസിഡന്റ് ജിഷാം പുലാമന്തോള്‍, പി ഷഫീര്‍ജാന്‍, എം താഹിര്‍ എന്നിവര്‍ക്ക് പരുക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ കുറഞ്ഞ പോലിസ് മാത്രമാണ് മാര്‍ച്ച് തടയാന്‍ സ്ഥലത്തുണ്ടായിരുന്നത്.
സംഘര്‍ഷത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷാഹുല്‍ ഹമീദ് (46), സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് (30), സക്കീര്‍ ഹുസൈന്‍ (26), അബ്ദുല്ല ബാബു (27), അജിത്ത് (38) എന്നിവര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ അഞ്ച് പോലിസുകാരും താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കല്ലേറില്‍ റിപ്പോര്‍ട്ടര്‍ ടി വി ചാനലിന്റെ ക്യാമറക്ക് കേടുപാടുകള്‍ സംഭവിച്ചു. പോലിസ് ഏറെ പണിപ്പെട്ടിട്ടും പിന്‍മാറാത്ത പ്രവര്‍ത്തകര്‍ പോലിസുമായി ഏറെ നേരം നേരിയ തോതില്‍ സംഘര്‍ഷം തുടര്‍ന്നു. പോലിസ് സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ഡി ഡി ഓഫിസ് കോമ്പൗണ്ടിനകത്തെ ഫഌക്‌സ് ബോര്‍ഡുകള്‍ ഇവര്‍ തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് പോലിസും നേതാക്കളും പ്രവര്‍ത്തകരെ കൊമ്പൗണ്ടിനുപുറത്തു കടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇതേ സമയത്ത് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തിയതിനാല്‍ പോലീസുകാരില്‍ ഭൂരിഭാഗവും ഇവിടെയാണുണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ലോകസഭാ മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്‍പതോളം കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.