Connect with us

Malappuram

ദേശീയപാത 17ലെ വികസനം പൊതുമരാമത്ത് വകുപ്പിന് കൈമാറണം: മുസ്‌ലിം ലീഗ്

Published

|

Last Updated

മലപ്പുറം: ദേശീയപാത 17ലെ വികസനം ഹൈവേ അതോറിറ്റിയില്‍ നിന്നും തിരിച്ച് വാങ്ങി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – മുത്തങ്ങ തുടങ്ങി സംസ്ഥാനത്തെ അഞ്ച് ദേശീയപാതകളുടെ വികസനം ഏറ്റെടുത്ത് നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റിയുമായി സംസ്ഥാനസര്‍ക്കാര്‍ കരാര്‍ പത്രം ഒപ്പിട്ടിരുന്നതാണ്.
എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വരികയും പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍നിന്നും പിന്‍മാറി കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ അതോറിറ്റിയില്‍നിന്നും തിരിച്ച് വാങ്ങി സര്‍ക്കാര്‍ പൊതുമരാമത്തിനെ നേരിട്ടേല്‍പ്പിക്കുകയാണുണ്ടായത്. അയ്യായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ആരാധനാലയങ്ങളും വിദ്യാലയങ്ങളും മാറ്റിസ്ഥാപിച്ചും ജലസ്രോതസ്സുകള്‍ മണ്ണിട്ട്മൂടിയും പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ പൊളിച്ച്മാറ്റിയും വേണം ദേശീയപാതയുടെ വികസനം നടപ്പാക്കാന്‍. മറ്റൊരു ജില്ലയിലുമില്ലാത്തവിധം എന്‍ എച്ച് 17 വെങ്ങളത്ത് നിന്ന് ആരംഭിച്ച് എന്‍ എച്ച് 17ല്‍ തന്നെ പൊന്നാനിയില്‍ വന്നു ചേരുന്ന തീരദേശ ഹൈവേ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
രണ്ടായിരംകോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ള ഈ സമാന്തരപാതയുടെ ഒന്നാംഘട്ടത്തിന് 117 കോടിരൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 25 മീറ്റര്‍മുതല്‍ 30 മീറ്റര്‍ വരെയുള്ള ഇത്തരം ഒരു പാതയുടെ സൗകര്യം മറ്റൊരുജില്ലയിലും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ മറ്റുദേശീയപാതാ വികസനങ്ങള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത് പോലെ എന്‍ എച്ച് 17ന്റെ വികസനവും പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍.എച്ച്. 17ലെ കുറ്റിപ്പുറം മുതല്‍ പുതുപൊന്നാനി വരെയുള്ള 16 കിലോമീറ്റര്‍റോഡ് ഇപ്പോള്‍തന്നെ പൊതുമരാമത്ത് ഏറ്റെടുത്ത് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ട് കേരളത്തിലെ ജനകീയ സര്‍ക്കാര്‍ ജനങ്ങളുടെ പ്രയാസവും ദുരിതവും കണക്കിലെടുത്ത് അവര്‍ക്കനുകൂലമായ തീരുമാനം കൈക്കൊള്ളണം. കടലോരമേഖലയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സൗജന്യ റേഷന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ജില്ലാഭാരവാഹികളായ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി. സൈതലവി മാസ്റ്റര്‍, സലീം കുരുവമ്പലം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ടി.വി. ഇബ്രാഹിം നന്ദിപറഞ്ഞു.

 

Latest