Connect with us

Wayanad

കാലവര്‍ഷം ധന്യമാക്കി; വയനാട് ജലസമൃദ്ധിയിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടവമാസത്തിന്റെ രണ്ടാം പകുതിയെ കാലവര്‍ഷം ധന്യമാക്കിയതോടെ വയനാട്ടില്‍ വറുതിയുടെ ദിനങ്ങള്‍ക്ക് തത്കാകാലിക വിട. മഴമേഘങ്ങളുടെ കാരുണ്യത്തില്‍ സമൃദ്ധി വീണ്ടെടുക്കുകയാണ് ജില്ലയിലെ ജലസ്രോതസുകള്‍. ഇത് കാര്‍ഷിക ജില്ലയുടെ സിരകളില്‍ പകരുന്നത് നവോന്മേഷം. പാടത്തും പറമ്പിലും മഴനനഞ്ഞു കുതിര്‍ന്ന മണ്ണില്‍ പണിയായുധങ്ങളുമായി കൃഷിക്കാരുടെ സല്ലാപം.
വരള്‍ച്ചയുടെ കാഠിന്യത്തില്‍ മാര്‍ച്ച് പാതിയോടെ വറ്റി തീര്‍ത്തും ദുര്‍ബലയായ കബനി നദി ഗതകാലപ്രതാപത്തോട് അടുക്കുകയാണ്. നിറഞ്ഞ് തീരങ്ങളെ വിറപ്പിക്കാനുള്ള ശേഷിയായില്ലെങ്കിലും നദി അതിന്റെ സൗന്ദര്യം തിരിച്ചുപിടിച്ചു. കാവേരിയില്‍ ചേരാനുള്ള കബനിയുടെ തിടുക്കത്തില്‍ കരമാന്‍തോടും കടമാന്‍തോടും അടക്കം കൈവഴികള്‍ കരുത്തുവീണ്ടെടുത്തതിന്റെ അടയാളങ്ങള്‍ പ്രകടം.ജില്ലയില്‍ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകയിലെ ബീച്ചനഹള്ളി, നുഗു, താര്‍ക്ക അണകളിലെ ജലനിരപ്പും ഉയര്‍ത്തി.
ജില്ലയില്‍ കുടിനീര്‍ ക്ഷാമത്തിന്റെ പിടിയും മഴയുടെ മികവില്‍ അയയുകയാണ്. തീര്‍ത്തും വറ്റിയ കിണറുകളില്‍ പോലും ഒന്നും രണ്ടും മീറ്റര്‍ വെള്ളമായി. മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി പഞ്ചായത്തുകളുടെ ചില ഭാഗങ്ങളില്‍ ഒഴികെ കുടിവെള്ളവുമായി ടാങ്കര്‍ ലോറി വരുന്നതു കാത്തുള്ള സ്ത്രീകളുടെ നില്‍പ് ഒഴിവായി. കാലവര്‍ഷം ഇപ്പോഴത്തേതുപോലെ തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ടാങ്കറുകളിലുള്ള കുടിനീര്‍ വിതരണത്തിനു ജില്ലയില്‍ വിരാമമാകും.
കഴിഞ്ഞ 10 ദിവസമായി ശരാശരി 50 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. തോരാമഴ പെയ്ത ദിവസങ്ങളില്‍ 102 മില്ലീ മീറ്റര്‍ മഴവരെ രേഖപ്പെടുത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ജില്ലയില്‍ ലഭിച്ച കാലവര്‍ഷത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. അമ്പലവയലില്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ച് 2012 ജൂണില്‍ 154.8 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ തീരാന്‍ പത്തു ദിവസം ബാക്കി നില്‍ക്കേ മഴയുടെ അളവ് 700 മില്ലീ മീറ്റര്‍ പിന്നിട്ടു.
ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശമായ പുല്‍പള്ളിയിലെ കുറിച്ചിപ്പറ്റയില്‍ സ്വകാര്യ വ്യക്തിയുടെ മഴമാപിനിയില്‍ 2012 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 18 വരെ രേഖപ്പെടുത്തിയത് 18.35 സെന്റീ മീറ്റര്‍ മഴയാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ പെയ്തത് 48.8 സെന്റീ മീറ്റര്‍ മഴ. ഏകദേശം 30 സെന്റീ മീറ്ററാണ് മഴ ലഭ്യതയിലെ വ്യത്യാസം.
കക്കയം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ വയനാട്ടിലെ ബാണാസുര അണയില്‍ ജല നിരപ്പ് ഉയരുകയാണ്. 763.15 മീറ്ററാണ് അണയില്‍ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അണയില്‍ ജലനിരപ്പ് രണ്ട് മീറ്റര്‍ ഉയര്‍ന്നതായി സബ് എന്‍ജിനീയര്‍ ജോയി പറഞ്ഞു.
എന്നാല്‍ ഇക്കുറി അണ നിറയുമെന്ന പ്രതീക്ഷയിലാണ് ബാണാസുരസാഗറിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും. 775.6 മീറ്റര്‍ ആണ് അണ പൂര്‍ണമായും നിറയുമ്പോഴത്തെ ജലനിരപ്പ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അണ നിറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം ഒഴുക്കിവിടേണ്ടിയും വന്നില്ല.

---- facebook comment plugin here -----

Latest