അനധികൃത മണല്‍ക്കടത്ത് ഒറ്റയാള്‍ സമരവുമായി ജസീറ പോലീസ് സ്റ്റേഷന് മുന്നില്‍

Posted on: June 21, 2013 12:59 am | Last updated: June 21, 2013 at 12:59 am
SHARE

പഴയങ്ങാടി: കൈക്കുഞ്ഞുമായി ജസീറ വീണ്ടും പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരമാരംഭിച്ചു. ജസീറക്ക് ഐക്യദാര്‍ഢ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.
പുതിയങ്ങാടി, ചൂട്ടാട്ട് പ്രദേശങ്ങളില്‍ കടലോരത്ത് നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഏറെക്കാലമായി ഒറ്റയാള്‍ സമരം നടത്തുന്ന ജസീറ വീണ്ടും പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ കൈക്കുഞ്ഞുമായി കുത്തിയിരിപ്പ് സമരമാരംഭിച്ചത്. കുഞ്ഞുങ്ങളുമായി സമരം നടത്തുകയായിരുന്ന ജസീറയെയും കുഞ്ഞുങ്ങളെയും കുട്ടികളുടെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തലശ്ശേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഇവിടെ നിന്ന് വിട്ടതിന് ശേഷം മണല്‍ മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് വൈകുന്നേരത്തോടെ വീണ്ടും സ്റ്റേഷന് മുന്നിലെത്തി കുത്തിയിരിപ്പാരംഭിച്ചത്.
പകല്‍ നേരങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് അനധികൃതമായി തലചുമടുമായി മണല്‍ കടത്തുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കുമെന്ന് ഉറപ്പ് പോലീസിന്റെയോ ജില്ലാ കലക്ടറുടെയോ ഭാഗത്ത് നിന്ന് ലഭിക്കുന്നത് വരെ ഈ സമരം നടത്തുമെന്ന് ജസീറ പറഞ്ഞു. തകര്‍ന്ന് വീഴാറായ പോലീസ് സ്റ്റേഷന്റെ മതിലിന് സമീപമാണ് രാവും പകലും ജസീറ കുത്തിയിരിക്കുന്നത്. മതില്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്. മതിലിന്റെ സമീപത്ത് നിന്ന് മാറിയിരിക്കാന്‍ പോലും തയ്യാറാവാത്ത രീതിയിലാണ് തികച്ചും വ്യത്യസ്ഥമായ സമരമുറ. മഴ കനക്കുന്നതോടെ മതില്‍ കൂടുതല്‍ അപകടത്തിലാവുമെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിട്ടതിന് ശേഷം നാല് മണിയോടെ തന്റെ മക്കളായ റിസ്ഫാനയും ഷിഫാനയും ഒന്നര വയസുകാരനായ മുഹമ്മദും കൂട്ടിനെത്തുന്നുണ്ട്. ഉമ്മയുടെ സമരത്തിന് പിന്തുണയുമായി.