Connect with us

Palakkad

ലോറിയില്‍ നിന്ന് റബര്‍ ഷീറ്റ് മോഷണം;ലോറിയില്‍ നിന്ന് റബര്‍ ഷീറ്റ് മോഷണം വന്‍ സംഘത്തിലെ മൂവര്‍ പിടിയില്‍

Published

|

Last Updated

പാലക്കാട്: ടയര്‍ കമ്പനിയിലേക്ക് കൊണ്ടുപോകുന്ന റബര്‍ ഷീറ്റുകള്‍ ലോറിയില്‍ നിന്ന് മോഷ്ടിക്കുന്ന വന്‍ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടി.
മൂന്ന് ലോറികളും രണ്ട് പാസഞ്ചര്‍ ഓട്ടോകളും ഒരു ഗുഡ്‌സ് ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് 400 കിലോയോളം റബര്‍ ഷീറ്റുകളും കണ്ടെടുത്തു. പത്തിരിപ്പാല അകലൂര്‍ പ്ലാക്കാട്ട്കുന്ന് രാധാകൃഷ്ണന്റെ മകന്‍ സുനില്‍(21), മായന്നൂര്‍ കൊണ്ടാഴി കടമ്പാട്ട് വീട്ടില്‍ കണ്ടന്റെ മകന്‍ സുരേഷ്(33), കൊണ്ടാഴി തേക്കുംകാട് കോളനിയില്‍ ചന്ദ്രന്റെ മകന്‍ സുരേഷ്(24) എന്നിവരെയാണ് ഹേമാംബിക നഗര്‍ സി ഐ എം വി മണികണ്ഠന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ലോറി ഉടമകള്‍ ഉള്‍പ്പെടെ സംഘത്തില്‍ ഉള്‍പ്പെട്ട ആറോളം പേര്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സി ഐ പറഞ്ഞു. ലോറികളില്‍ നിന്ന് റബര്‍ ഷീറ്റ് മോഷ്ടിക്കുന്ന സംഭവത്തെ കുറിച്ച് പാലക്കാട് ഡി വൈ എസ് പി പി കെ മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സി ഐ മണികണ്ഠനും കോങ്ങാട് എസ് ഐ വി എസ് മുരളീധരനും ഉള്‍പ്പെട്ട സംഘം പുലര്‍ച്ചെ ഒന്നരയോടെ 150 കിലോ റബര്‍ ഷീറ്റുമായി പാസഞ്ചര്‍ ഓട്ടോയില്‍ പോവുകയായിരുന്ന സുനിലിനെ തടുക്കശേരി ജംഗ്ഷനില്‍ നിന്ന് ആദ്യം കസ്റ്റഡിയിലെടുത്തു. സുനിലിനെ ചോദ്യം ചെയ്തപ്പോഴാണ് വന്‍ തട്ടിപ്പിന്റെ കഥ പുറത്തായത്.
കോട്ടയത്ത് നിന്ന് ചെന്നൈയിലെ അപ്പോളോ ടയേഴ്‌സിലേക്ക് റബര്‍ഷീറ്റുമായി പോകുന്ന ലോറികള്‍ കേരളശേരിയിലെ ലോറി ഉടമസ്ഥരുടെ സുഹൃത്തായ സുലൈമാന്റെ സ്വകാര്യ സ്ഥലത്തുളള താല്‍ക്കാലിക ഷെഡില്‍ കയറ്റി നിര്‍ത്തിയാണ് റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചിരുന്നത്. സുനില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളശേരിയിലെത്തിയ പോലീസ് സംഘം രണ്ട് ലോറി ഡ്രൈവര്‍മാരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഒരു ലോറി ഡ്രൈവറും രണ്ട് ഓട്ടോ ഡ്രൈവര്‍മാരും ഓടി രക്ഷപ്പെട്ടു.
ഇവിടെ നിന്നാണ് മൂന്ന് ലോറികളും ഒന്ന് വീതം പാസഞ്ചര്‍-ഗുഡ്‌സ് ഓട്ടോകളും കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തുമ്പോള്‍ ലോറിയില്‍ നിന്ന് മോഷ്ടിച്ച റബര്‍ ഷീറ്റുകളില്‍ 200 കിലോയോളം ഒരു ഓട്ടോയിലും 50 കിലോ മറ്റൊരു ഓട്ടോയിലും കയറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ എട്ട് മാസത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.
ഓരോ ലോറിയില്‍ നിന്നും 250 മുതല്‍ 300 കിലോഗ്രാം വരെ റബര്‍ ഷീറ്റുകളാണ് എടുത്തുമാറ്റിയിരുന്നത്. തൂക്കകുറവ് അറിയാതിരിക്കാന്‍ ലോറി ലോഡ് കയറ്റാന്‍ പോകുമ്പോള്‍ ഡീസല്‍ ടാങ്കില്‍ എണ്ണ പരമാവധി കുറയ്ക്കുകയും തിരിച്ച് ചെന്നൈ എത്തുന്നതിന് മുമ്പായി ഡീസല്‍ ടാങ്ക് നിറക്കുകയും ചെയ്യും. പുറമെ പ്ലാസ്റ്റിക് കന്നാസുകളില്‍ ലോറിയില്‍ വെള്ളം നിറച്ചു 20-30 വരെ തൂക്കമുള്ള ജാക്കികളും ലോറിയില്‍ കയറ്റും.
റബര്‍ഷീറ്റ് ബണ്ടുകള്‍ ഒന്നായി എടുക്കാതെ അഴിച്ച് ഷീറ്റുകളെടുക്കുന്നതാണ് രീതി. ഇതുകൊണ്ടു തന്നെ ലോഡ് ഇറക്കുമ്പോള്‍ എണ്ണിയെടുക്കുന്ന ബണ്ടുകളുടെ എണ്ണത്തില്‍ കുറവ് കാണുകയുമില്ല. ഒരു തവണ ആയിരം കിലോ വരെ റബര്‍ഷീറ്റിന്റെ കുറവ് കണ്ടിരുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ റബര്‍ഷീറ്റ് മോഷ്ടിക്കുന്നതിനായി ലോറി കേരളശേരിയില്‍ എത്തിക്കുന്ന ഡ്രൈവര്‍ക്ക് 4000 മുതല്‍ 5000 രൂപ വരെ ഉടമ നല്‍കുമെന്നാണ് പിടിയിലായ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിട്ടുള്ളത്.
മോഷ്ടിച്ച റബര്‍ ഷീറ്റുകള്‍ പരിസര പ്രദേശത്തെ കടകളില്‍ വില്പന നടത്തിയിരുന്നു. പുറമെ കണ്ണൂരിലും മംഗലാപുരത്തും എത്തിച്ചിരുന്നതായും പറയുന്നു. കേരളശേരി സ്വദേശികളായ മൂന്ന് ലോറി ഉടമകളും ഓടിപ്പോയവര്‍ക്കും പുറമെ മോഷണത്തിന് ഒത്താശ ചെയ്തുകൊണ്ട് കൂടുതല്‍ പേരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണ സംഘത്തില്‍ ജി എസ് ഐ ഭാസ്‌കരന്‍, എസ് സി പി ഒ ഉദയകുമാര്‍, സി പി ഒമാരായ നവോജ്, സുരേഷ് എന്നിവരുമുണ്ടായിരുന്നു.