Connect with us

Palakkad

അട്ടപ്പാടിയിലെ കുടിയേറ്റമേഖലയില്‍ വൈദ്യുതി മണിക്കൂറുകള്‍ മാത്രം

Published

|

Last Updated

അഗളി: പടിഞ്ഞാറന്‍ അട്ടപ്പാടിയിലെ കുടിയേറ്റമേഖലയില്‍ വൈദ്യുതി മണിക്കൂറുകള്‍ മാത്രം. ഒരാഴ്ചക്കിടെ രാത്രി വൈദ്യുതിയെത്തിയത് ഒരു ദിവസം മാത്രം. പാക്കുളം, കല്‍ക്കണ്ടി, ചെമ്മണ്ണൂര്‍, മുക്കാലി, ചിന്നപ്പറമ്പ്, കള്ളമല മേഖലയാണ് ദുരിതത്തിലുള്ളത്.
വിവിധ മേഖലകളില്‍ വൈദ്യുതലൈനുകളില്‍ മരം വീണ് ലൈന്‍പൊട്ടല്‍ സ്ഥിരമായിട്ടുണ്ട്. കരുവാരയിലും വീട്ടിയൂരിലുമായി മരം വീണ് നാല് വൈദ്യുതപോസ്റ്റുകളാണ് പൊട്ടിയത്. പോത്തുപ്പാടിയിലേക്ക് മൂന്നുദിവസം മുമ്പ് നിലച്ച വൈദ്യുതിവിതരണം പുനരാരംഭിച്ചിട്ടുണ്ട്. താവളത്ത് മരക്കൊമ്പ് വീണ് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ശീങ്കരയില്‍ കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീഴുന്നത് പതിവാണ്. കല്‍ക്കണ്ടിയില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുമ്പില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരം വീണ് ഗതാഗതവും വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു.— താവളം, പാക്കുളം ഭാഗത്ത് ബി എസ് എന്‍ എല്ലിന്റെ ലൈനുകളും പ്രവര്‍ത്തനരഹിതമാണ്.
പ്രതികൂല കാലാവസ്ഥയില്‍ 33 കെ വി വൈദ്യുതിലൈന്‍പോലും ഇവിടെ പൊട്ടിവീണു. ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ ചെയ്തിട്ടില്ല. വൈദ്യുതിലൈനുകളില്‍ മരങ്ങള്‍ വീഴുകയോ പൊട്ടലുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ജനങ്ങള്‍ വിവരം അറിയിക്കാന്‍ താമസിക്കുന്നതായി കെ എസ് —ഇ ബി അധികൃതര്‍ പറയുന്നു. പ്രശ്‌നബാധിതപ്രദേശം അറിഞ്ഞാല്‍ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കാനാവും. അല്ലെങ്കില്‍ എല്ലാ ലൈനുകളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുന്നതുമൂലം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതായും അധികൃതര്‍ പറഞ്ഞു.

Latest