ചൈനയിലെ വിദ്യാര്‍ഥികള്‍ക്ക് ബഹിരാകാശ നിലയത്തില്‍ നിന്നൊരു തത്സമയ ക്ലാസ്

Posted on: June 21, 2013 12:47 am | Last updated: June 21, 2013 at 12:47 am
SHARE

116219837_title0hബെയ്ജിംഗ്: ചൈനയിലെ വിദ്യാര്‍ഥികള്‍ ആ ക്ലാസിലിരുന്നത് ഒട്ടും മടികൂടാതെയായിരിക്കും. കിലോ മീറ്ററുകള്‍ക്കകലെ നിന്ന് അധ്യാപിക പറയുന്നത് മുഴുവന്‍ വിദ്യാര്‍ഥികള്‍ സൂക്ഷമമായി നിരീക്ഷിച്ചു. ബഹിരാകാശ നിലയത്തില്‍ നിന്നാണ് ആ അധ്യാപിക വിദ്യാര്‍ഥികളുമായി സംസാരിച്ചത്. ചൈനയില്‍ ഇതാദ്യമായാണ് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിദ്യാര്‍ഥികളുമായി തത്സമയം സംവദിക്കുന്നത്. ബഹിരാകാശ യാത്രികയായ വാംഗ് യാപിംഗാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി പറഞ്ഞത്.
എലിമെന്ററി സ്‌കൂളിലേതുള്‍പ്പെടെയുള്ള 330 വിദ്യാര്‍ഥികളാണ് ബഹിരാകാശ നിലയത്തിലുള്ളവരുമായി സംസാരിച്ചത്. ചൈനയുടെ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രികയാണ് വാംഗ്. വിദ്യാര്‍ഥികളുമായുള്ള സംഭാഷണം ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനയുടെ കുതിച്ചുചാട്ടമായാണ് വിലയിരുത്തുന്നത്. ചൈനയുടെ ബഹിരാകാശ നിലയമായ തിയാഗോംഗില്‍ നിന്നാണ് ബഹിരാകാശ യാത്രികര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ശേഖരിച്ചത്.
അമ്പത്തിയൊന്ന് മിനുട്ടോളം ക്ലാസ് നീണ്ടുനിന്നു. ബഹിരാകാശ ദൗത്യങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് യാത്രികരുടെ വിദ്യാര്‍ഥികളുമായുള്ള തത്സമയ സംവാദം.
ബഹിരാകാശത്തെ ഭാരമില്ലായ്മ, ജലോപരിതലത്തിലെ മര്‍ദം എന്നിവയെ കുറിച്ചുള്ള കാര്യങ്ങള്‍ കുട്ടികളുമായി വാംഗ് യാപിംഗ് പങ്കുവെച്ചു. ബഹിരാകാശത്തെ ജീവിതം, ജോലി, താമസം എന്നീ അനുഭവങ്ങള്‍ ബഹിരാകാശ യാത്രികരായ നി ഹെയ്‌ഷെംഗ്, ഷാംഗ് സിയാഗോംഗ് എന്നിവര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. 2003ലാണ് ചൈന ആദ്യ ബഹിരാകാശ ദൗത്യം ആരംഭിച്ചത്. 2011ല്‍ തിയാഗോംഗ് ഒന്ന് എന്ന പേരില്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുകയും ചെയ്തു. ബഹിരാകാശ നിലയത്തിലേക്കുള്ള ചൈനയുടെ രണ്ടാമത്തെ യാത്രയാണിത്.