Connect with us

International

താലിബാന്റെ പതാകയും ഓഫീസിന്റെ പേരും നീക്കം ചെയ്യും; ചര്‍ച്ചക്ക് തയ്യാറായി കര്‍സായി

Published

|

Last Updated

കാബൂള്‍: താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാകുന്നതിന്റെ സൂചനകള്‍ നല്‍കി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി വ്യക്തമാക്കിയതിനു പിന്നാലെയാണ് ചര്‍ച്ചക്ക് അഫ്ഗാനിസ്ഥാന്‍ വീണ്ടും തയ്യാറാകുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് കര്‍സായി തയ്യാറായതായി സര്‍ക്കാര്‍ വക്താവ് ഫഈഖ് വഹീദി അറിയിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാന്‍ ചര്‍ച്ചക്ക് തയ്യാറായത്. കര്‍സായിയുമായി ജോണ്‍ കെറി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചകള്‍ക്കായി ദോഹയില്‍ താലിബാന്‍ കഴിഞ്ഞ ദിവസം ഓഫീസ് തുറന്നിരുന്നു. താലിബാന്‍ ദോഹയില്‍ തുറക്കുന്ന ഓഫീസിന് എംബസി പദവിയോ പ്രവാസ സര്‍ക്കാര്‍ പദവിയോ നല്‍കില്ലെന്ന ഉറപ്പ് അമേരിക്ക ലംഘിക്കുന്നുവെന്നാരോപിച്ചാണ് അഫ്ഗാനിസ്ഥാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ഓഫീസിന് “ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍” എന്ന പേര് നല്‍കിയതും കര്‍സായിയെ ചൊടിപ്പിച്ചിരുന്നു.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരണകാലത്ത് താലിബാന്‍ ഔദ്യോഗികമായി ഈ പേര് സ്വീകരിച്ചതാണ് കര്‍സായിയെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
അമേരിക്കയുമായുള്ള ഉഭയകക്ഷി സുരക്ഷാ ഉടമ്പടി പ്രകാരമുള്ള ചര്‍ച്ചയില്‍ അഫ്ഗാന്‍ ആദ്യം വേണ്ടത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. താലിബാന്റെ പതാകയും മുമ്പ് താലിബാന്‍ ഉപയോഗിച്ചിരുന്ന പേരും ഓഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് കെറി ഉറപ്പ് നല്‍കിയതായി വഹീദി പറഞ്ഞു.

Latest