Connect with us

Kerala

സരിതക്ക് ഡല്‍ഹിയില്‍ ഉന്നതരുമായി നിരന്തര ബന്ധം; രേഖകള്‍ പുറത്ത്

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പുകാരി സരിതാ എസ് നായര്‍ ഡല്‍ഹിയില്‍ ഉന്നതരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും ഇതിനായി നിരന്തരം അവര്‍ ഡല്‍ഹി യാത്ര നടത്തിയിരുന്നതായും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 15 തവണ സരിതയും ബിജുവും ഒരുമിച്ചും സരിത തനിച്ചും ഡല്‍ഹിക്ക് യാത്ര ചെയ്തിട്ടുണ്ട്. ബിജു ഇല്ലാത്തപ്പോള്‍ മോഹന്‍ദാസ് എന്നയാളാണ് സരിതക്കൊപ്പം യാത്ര ചെയ്യാറുള്ളത്. സരിത ഒറ്റക്കും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇവര്‍ വിമാനയാത്ര ചെയ്തതിന്റെ ഫ്‌ളൈറ്റ് ഡീറ്റെയ്ല്‍സാണ് ഇതിനുള്ള തെളിവായി പുറത്തുവന്നിരിക്കുന്നത്.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചതായി പറയുന്ന ദിവസം സരിതാ നായര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്നും രേഖകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ദേശീയ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോള്‍ സരിതാ നായരുമായി സംസാരിച്ചതായാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന പാവം പയ്യന്‍ തോമസ് കുരുവിള വെളിപ്പെടുത്തിയിരുന്നത്. താന്‍ സരിതാ നായരെ കണ്ടിട്ടില്ലെന്നും വിജ്ഞാന്‍ ഭവന് മുന്നില്‍ അങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭക്കകത്തും പുറത്തും വിശദീകരിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ടായിരുന്ന ദിവസം സരിതാ നായരും ഡല്‍ഹിയിലുണ്ടായിരുന്നുവെന്ന് ഫ്‌ളൈറ്റ് ഡീറ്റെയ്ല്‍സ് വ്യക്തമാക്കുന്നു. 27ന് രാവിലെ 6.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് പറന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യൂ 836 ഫ്‌ളൈറ്റിലെ എക്കോണമി ക്ലാസില്‍ സരിതാ നായര്‍ ഉണ്ടായിരുന്നു. (ടിക്കറ്റ് നമ്പര്‍ 2893200258621) 10.15ന് ഫ്‌ളൈറ്റ് ഡല്‍ഹിയിലെത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് ദേശീയ വികസന സമിതി യോഗത്തിന്റെ സമാപന ചടങ്ങ് നടന്നത്. യോഗം കഴിഞ്ഞ് കാറില്‍ കയറാനായി പുറത്തിറങ്ങുമ്പോള്‍ സരിതാ നായര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ഈ സമയം താന്‍ കാര്‍ വിളിച്ചു കൊണ്ടുവരുന്നതിന് പുറത്തേക്ക് പോയതിനാല്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നുമാണ് തോമസ് കുരുവിള ഒരു ചാനലിനോട് പറഞ്ഞത്.
27ന് ഡല്‍ഹിയില്‍ താമസിച്ച സരിതാ നായര്‍ 28ന് രാവിലെ 7.10 നാണ് മടങ്ങിയത്. ജെറ്റ് എയര്‍വെയ്‌സ് 9 ഡബ്ല്യൂ 332 ാം നമ്പര്‍ ഫ്‌ളൈറ്റില്‍ ഉച്ചക്ക് തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്. സരിത പത്ത് തവണ ഡല്‍ഹി യാത്ര നടത്തിയത് ഒറ്റക്കായിരുന്നു. ബിജു രാധാകൃഷ്ണനും നിരവധി തവണ തനിച്ച് ഡല്‍ഹിക്ക് യാത്ര ചെയ്തിട്ടുണ്ട്. 27ന് നടത്തിയ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് സരിതക്ക് മാത്രമായാണ്.
ഇതിന് ഒരാഴ്ച മുമ്പും സരിതാ നായര്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഡിസംബര്‍ 19ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ 21 ന് തിരുവനന്തപുരത്തേക്കാണ് മടക്കയാത്ര നടത്തിയത്. ഇതിന് ശേഷം ഈ വര്‍ഷം ജനുവരി 8ന് ഡല്‍ഹി യാത്രക്കായി ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും പിറ്റേന്ന് ക്യാന്‍സല്‍ ചെയ്തു.
എറണാകുളം രവിപുരത്തുള്ള ഫ്‌ളൈവെല്‍ എന്ന ട്രാവല്‍ ഏജന്‍സിയാണ് സരിതക്കും ബിജുവിനും വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഡിസംബര്‍ 27 ന് ശേഷം ഇവര്‍ ഡല്‍ഹി യാത്രക്കായി ട്രാവല്‍ ഏജന്‍സിയുടെ സേവനം ഉപയോഗിച്ചിട്ടില്ല. മറ്റൊരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശിനിയാണ് സരിതാ നായര്‍ക്കു വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഫ്‌ളൈവെല്ലിനെ സമീപിച്ചിരുന്നത്. ഇവര്‍ കൃത്യമായി പണവും നല്‍കിയിരുന്നു. എന്നാല്‍ ആലുവ സ്വദേശിനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ സരിതാ നായര്‍ 1,60,000 രൂപ നല്‍കാനുണ്ട്. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ പരാതി കൈമാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് തെളിവെടുക്കാനോ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല.

---- facebook comment plugin here -----

Latest