Connect with us

Articles

പണ്ടത്തെ 'ചാരസുന്ദരി'യും ഇന്നത്തെ സോളാര്‍ സുന്ദരിയും

Published

|

Last Updated

“ഏതോ ഒരു ഫോണ്‍ വിളിക്കാര്യ”മായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിസ്സാരമായി തള്ളുന്നതും ഗുരുതര പ്രശ്‌നമായി വി എം സുധീരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിക്കഴിഞ്ഞതുമായ ഒരു കാര്യമാണ് പെരുമഴക്കാലത്തും കേരളത്തെ ചൂട് പിടിപ്പിച്ചു വരുന്ന സോളാര്‍ തട്ടിപ്പ് വിവാദവും മുഖ്യമന്ത്രിയുടെ ഓഫീസിന് അതുമായുള്ള ബന്ധവും. ഇവിടെ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാതെ നിയമസഭക്ക് അകത്തും പുറത്തും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. “രാജി വെക്കില്ല” എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നാണ് ആഭ്യന്തര മന്ത്രിയുടെ വാദം.
തീര്‍ച്ചയായും രാഷ്ട്രീയപ്രേരണകള്‍ ഇല്ലാതെ ഒരാള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ കഴിയില്ല. അതിനാല്‍, പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രേരണകള്‍ ഉണ്ടെന്നത് അവരുടെ കുറ്റമല്ല, മറിച്ച് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആണെന്നതിന്റെ തെളിവ് മാത്രമാണ്. മാത്രമല്ല, കെ പി സി സി അധ്യക്ഷനും ഹരിപ്പാട് എം എല്‍ എയുമായ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ഒരു കാരണവശാലും നല്‍കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രേരണകളോടുകൂടിയ കാര്യങ്ങളൊന്നും കേരളത്തില്‍ ഒരു രാഷ്ട്രീയക്കാരനും ഇല്ലെന്നുള്ളതും എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്യും. അതിനാല്‍ മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്നിട്ടുള്ള രാജി ആവശ്യത്തെ “രാഷ്ട്രീയ പ്രേരണ” എന്ന ഒരു വാക്കുകൊണ്ട് താറടിക്കാനുള്ള ശ്രമം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ചേര്‍ന്നതല്ലാത്ത ഒരു ബാലിശ പ്രതിരോധം മാത്രമാണ്.
മുഖ്യമന്ത്രി രാജി വെക്കണം എന്ന ആവശ്യത്തില്‍ ചില ധാര്‍മിക ന്യായങ്ങളുണ്ട്. അതെന്താണെന്ന് തിരിച്ചറിയാന്‍ പവന്‍ കുമാര്‍ ബന്‍സലിനെ നോക്കിയാല്‍ മതി. നീണ്ട ഇളവേളക്ക് ശേഷം ഏറെ കൊട്ടിഘോഷത്തോടെ കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാവായിരുന്നു പവന്‍ കുമാര്‍ ബന്‍സല്‍. അദ്ദേഹത്തിന് ഏറെ കുഴിയും മുമ്പെ റെയില്‍വേ മന്ത്രിപദം രാജി വെക്കേണ്ടിവന്നു. റെയില്‍വേ വകുപ്പ് കേന്ദ്രീകരിച്ച് നടന്ന അഴിമതികളായിരുന്നു അതിന് കാരണം. അഴിമതിയില്‍ പവന്‍കുമാര്‍ ബന്‍സലിന് നേരിട്ടെന്തെങ്കിലും പങ്കാളിത്തം ഉണ്ടായിരുന്നു എന്നതിനാലല്ല അദ്ദേഹം രാജി വെച്ചത്. മറിച്ച് പവന്‍കുമാറിന്റെ മരുമകന്‍ പവന്‍കുമാറിന്റെ പേരും പദവിയും മറയാക്കിയാണ് അഴിമതി നടത്തിയത് എന്നതിനാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. ഇതിനെ ആദര്‍ശാത്മകമായ ധാര്‍മിക നടപടിയായി അക്കാലത്ത് കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ കൊട്ടിഘോഷിക്കുകയും ചെയ്തു. അതിനാല്‍ പവന്‍ കുമാര്‍ ബന്‍സലിന്റെ ആദര്‍ശ പകിട്ടെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഇനി കേരളത്തില്‍ നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹം രാജി വെക്കേണ്ടതുണ്ട്. കാരണം, അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കാര്യാലയത്തെയും മറയാക്കി അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളുമായുള്ള ബന്ധത്തിന്റെ പിന്‍ബലത്തോടെയാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും നാട്ടുകാരെ പറ്റിച്ച് കോടികള്‍ തട്ടിയത് എന്ന് വ്യക്തമായിരിക്കുന്നു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് മുഖ്യമന്ത്രി രാജി വെക്കേണ്ടത്. അല്ലാത്ത പക്ഷം പവന്‍ കുമാര്‍ ബന്‍സലിന്റെ നടപടി പമ്പര വിഡ്ഢിത്തവും ഉമ്മന്‍ ചാണ്ടിയുടെ രാജിയില്ല എന്ന നിലപാട് ഉത്തമ ആദര്‍ശവുമാണെന്ന് തുറന്നു സമ്മതിക്കേണ്ടിവരും.
വി എസ് വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി പി എം കേന്ദ്ര കമ്മിറ്റിയില്‍ എന്തായിരിക്കും നിലപാടെടുക്കുക എന്ന ചോദ്യത്തിന് ഏതെങ്കിലും സി പി എം നേതാവ് “അത് മാധ്യമങ്ങളോട് പറയാന്‍ നിര്‍വാഹമില്ല” എന്നോ മറ്റോ മറുപടി പറയുന്നത് ജനാധിപത്യക്കുറവായാണ് വ്യാഖ്യാനിക്കപ്പെടാറ്. ഇതേ യുക്തിയില്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അങ്ങേയറ്റം ജനാധിപത്യക്കുറവുള്ള ഒരു രാഷ്ട്രീയക്കാരനാണ് എന്നു പറയേണ്ടിവരും. എന്തെന്നാല്‍, ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചത് എന്തായിരുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുതാര്യനായ മുഖ്യമന്ത്രി “അത് ഞാന്‍ ഒരു കാലത്തും പറയില്ല” എന്ന മറുപടിയാണ് നല്‍കിയത്. ഇത്തരം ഒളിച്ചുവെക്കല്‍ എന്തായാലും സുതാര്യതയല്ല. ജനാധിപത്യപരമായി ഒരു ഉത്തരവാദപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നുണ്ടാകേണ്ട സാമാന്യ മര്യാദ പോലും ഇതല്ല. മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും കാര്യങ്ങള്‍ കേരളീയര്‍ക്ക് മനസ്സിലായിട്ടുണ്ട്. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളാണ് ആധാരം. “ഞാന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചത് കുടുംബ പ്രശ്‌നമാണെ”ന്നായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍. അയാളുടെ കുടുംബ പ്രശ്‌നത്തിലെ “കുടുംബം” സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായരും “പ്രശ്‌നം” കെ ബി ഗണേഷ് കുമാര്‍ എന്ന അക്കാലത്തെ സിനിമാ- വനം വകുപ്പ് മന്ത്രിയും ആയിരുന്നു താനും. കെ ബി ഗണേഷ് കുമാറിന്റെ സ്വഭാവങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കേണ്ടത് ആര്‍ ബാലകൃഷ്ണ പിള്ളയുടെ പിതൃധര്‍മമാണ്. എന്നാല്‍ ഒരു മന്ത്രിസഭാംഗം ഒരു സ്ത്രീയുമായി അവിഹിതമായി ബന്ധത്തിലാണെന്നറിഞ്ഞിട്ടും നടപടി എടുക്കാത്തതും അക്കാര്യം പാടെ മറച്ചുവെക്കുന്നതും തങ്ങളെ ഭരിക്കാന്‍ തിരഞ്ഞെടുത്ത ജനങ്ങളോട് ഒരു മുഖ്യമന്ത്രിക്ക് ചെയ്യാവുന്ന കടുത്ത അപരാധമാണ്. ഈ അപരാധമാണ് ബിജു രാധാകൃഷ്ണന്‍ “കുടുംബ പ്രശ്‌നം” ചര്‍ച്ച ചെയ്തതിനു ശേഷവും മന്ത്രി ഗണേഷ് കുമാറിനെ തുടരാന്‍ അനുവദിച്ചതിലൂടെ കേരളത്തോട് മുഖ്യമന്ത്രി ചെയ്തത്.
അശ്ലീല ദൃശ്യങ്ങള്‍ നിയമസഭയിലിരുന്ന് സ്വന്തം മൊബൈലില്‍ കണ്ടു എന്നതിന്റെ പേരില്‍ നിയമസഭാംഗങ്ങള്‍ നടപടിക്ക് വിധേയരാകേണ്ടിവന്ന ഇന്ത്യാ മഹാരാജ്യത്ത്, അവിഹിത ബന്ധങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ട് ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ ഇടവന്നു എന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്. ഇനി കെ ബി ഗണേഷ്‌കുമാറുമായി സരിത എസ് നായര്‍ക്ക് യാതൊരു അവിഹിത ബന്ധവും ഇല്ലായിരുന്നു എന്ന് മുഖ്യമന്ത്രിക്കുറപ്പുണ്ടെങ്കില്‍ അദ്ദേഹമത് തുറന്നുപറയണം. അപ്പോള്‍, മുഖ്യമന്ത്രിയുടെ ആ പ്രസ്താവന അസംബന്ധമാണെന്ന് സരിത എസ് നായരുടെ മൊബൈലിലെ ദൃശ്യങ്ങള്‍ കോടതി മുമ്പാകെ സ്ഥിരീകരിക്കും.
പ്രശ്‌നങ്ങള്‍ ഇവിടെയും തീരുന്നില്ല. ബിജു രാധാകൃഷ്ണന്‍ -ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കപ്പെട്ടത് കുടുംബ പ്രശ്‌നമാണെങ്കില്‍ സരിത എസ് നായരെന്ന പേരെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് മുന്നറിവ് ഉണ്ടായിരുന്നെന്ന് സമ്മതിക്കണം. അങ്ങനെ ചെയ്യുന്ന പക്ഷം “സരിതയെ അറിയില്ല” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊളിയാകും. ഇനി പെരുമ്പാവൂര്‍ സ്വദേശി നജാദ് എന്ന തട്ടിപ്പിനിരയായ വ്യക്തിക്ക് മുമ്പാകെ ബിജു രാധാകൃഷ്ണനും സരിതയും പറഞ്ഞതു പ്രകാരമാണെങ്കില്‍ “ടീം സോളാര്‍” എന്ന കമ്പനിയെക്കുറിച്ച് തന്നെ മുഖ്യമന്ത്രിക്ക് മുന്നറിവ് ഉണ്ടായിരുന്നു എന്ന് കരുതേണ്ടിവരും. ടീം സോളാര്‍ കമ്പനി ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതും അത് മുഖ്യമന്ത്രി ഏറ്റുവാങ്ങിയതുമായ ചിത്രം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നല്‍കിയ ചെക്ക് വണ്ടിച്ചെക്കാണെന്നറിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതൊക്കെ മുഖ്യമന്ത്രിയുമായി കൂടിനില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് കേരളക്കരയാകെ തട്ടിപ്പു കേന്ദ്രങ്ങള്‍ തുറക്കാനും നൂറു കണക്കിനാളുകളെ തട്ടിപ്പിനിരയാക്കാനും ഇടവരുത്തിയിട്ടുണ്ടെന്നത് വ്യക്തമല്ലേ? ഇതിന്റെയൊക്കെ ഉത്തരവാദിത്വം കേരളം ഭരിക്കുന്നവര്‍ക്കില്ലേ?
സരിത എസ് നായരെ അറസ്റ്റ് ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ പോലീസ് അല്ലേ എന്നും അദ്ദേഹത്തിനോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിനോ സരിതയുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റ് നടക്കുമായിരുന്നോ എന്നൊക്കെ ചോദിക്കുന്ന ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരോട് മറിച്ചൊരു ചോദ്യമുണ്ട്. മന്ത്രിമാരോട് ചോദിച്ചിട്ടാണോ എല്ലാ പരാതികള്‍ക്കു മേലും കോണ്‍ഗ്രസ് ഭരണകാലത്ത് പോലീസ് നടപടി എടുക്കുന്നത്? ആണെങ്കില്‍ അത് പോലീസിന്റെ രാഷ്ട്രീയവത്കരണമാണ്. അത്തരം രാഷ്ട്രീയവത്കരണം പോലീസിന് സംഭവിക്കുന്നത് ഏത് ഭരണകാലത്തായാലും അനാശാസ്യവുമാണ്. ഇനി മന്ത്രിമാരോട് ചോദിച്ചിട്ടല്ല പോലീസ് പരാതികള്‍ക്ക് മേല്‍ നടപടി കൈക്കൊള്ളുന്നതെങ്കില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് പോലീസിന്റെ ധാര്‍മികതക്കാണ്. സര്‍ക്കാറിന്റെ ധാര്‍മികതക്കല്ല. മാത്രവുമല്ല ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തന്നെ സരിത എസ് നായര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ വിവിധ പരാതികള്‍ പലരും കൊടുത്തിട്ടും നടപടി ഉണ്ടാവാതിരുന്നു എന്നതും പല പരാതികളും പില്‍വലിച്ചു ഒത്തുതീര്‍പ്പിലെത്തിക്കാന്‍ പോലീസുകാര്‍ തന്നെ പരാതിക്കാരെ പ്രേരിപ്പിച്ചിരുന്നു എന്നതും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇത് വിരല്‍ ചൂണ്ടുന്നത് ഉന്നതര്‍ പലരും ഇടപെട്ടിരുന്നു എന്നാണ്. മുഖ്യമന്ത്രി നേരിട്ടിടപെട്ടിരുന്നു എന്നാരും പറയുന്നില്ല. ഇനി അതറിയണമെങ്കില്‍ തന്നെ അതിനു തക്കതായ അന്വേഷണം നടക്കണം. അത്തരമൊരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെക്കണ്ടാല്‍ വടി പോലെ നിന്ന് സല്യൂട്ട് ചെയ്യേണ്ട പോലീസ് സേനാംഗങ്ങള്‍ മതിയാവില്ല എന്നതാണ് വാസ്തവം. ഇത്തരുണത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രസക്തമാകുന്നതും. സരിത എസ് നായരും ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇടതു ഭരണകാലത്ത് ഏതെങ്കിലും “ഇടതന്‍ അങ്കിള്‍” എന്തെങ്കിലും അവിഹിതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷണവിധേയമാക്കി സത്യം പുറത്തുകൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നേരിന്റെ നെഞ്ചുറപ്പുള്ളതു തന്നെയാണ്. എന്നിട്ടും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാനുള്ള ആര്‍ജവം കാണിക്കാതെ മുഖ്യമന്ത്രി പൊട്ടന്‍ കളിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
സരിത എസ് നായരെന്ന സോളാര്‍ സുന്ദരിയുടെ ചൂടേറ്റ് മന്ത്രിസഭ തന്നെ കത്തുന്ന സ്ഥിതി ഉണ്ടാകുമെന്നൊന്നും പോലീസുകാര്‍ അറിഞ്ഞിരുന്നില്ല. ഈ അറിവുകേട് കൊണ്ടാണ് അറസ്റ്റ് നടന്നത്. അതിനാലാണ് മന്ത്രിസഭയിപ്പോള്‍ കത്തിപ്പുകയുന്നതും. പണ്ട് മറിയം റഷീദ എന്ന മാലിദ്വീപുകാരിയായ ഒരു “ചാരസുന്ദരി” കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഐ വിഭാഗം തലവനും കേരള മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരനെ ക്ലിഫ് ഹൗസില്‍ നിന്ന് പടിയിറക്കുന്നതിനു കാരണക്കാരിയായി ഭവിച്ചു. ആ കാര്യത്തില്‍ ഒരുപാട് കൈ മെയ് അഭ്യാസങ്ങള്‍ സംഭാവന ചെയ്ത ആളാണ് കോണ്‍ഗ്രസിനകത്തെ എ വിഭാഗം ചാണക്യനായ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാലിപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ നിന്നിറക്കാന്‍ സരിത എസ് നായരെന്ന സോളാര്‍ സുന്ദരി കാരണക്കാരിയായേക്കുമെന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു. “താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താനനുഭവിച്ചീടുന്നേ വരൂ” എന്ന അധ്യാത്മരാമായണ വാക്യം പുലരുമോ എന്തോ?

 

Latest