Connect with us

Editorial

പ്രകൃതിദുരന്തങ്ങള്‍ നല്‍കുന്ന പാഠം

Published

|

Last Updated

രാജ്യം സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ പ്രളയദുരിതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും ആയിരക്കണക്കിനാളുകള്‍ക്ക് ജീവാപായം ഉണ്ടാക്കുകയും വന്‍ നാശം വിതക്കുകയും ചെയ്തിരിക്കയാണ്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയില്‍ ഗംഗയും പോഷകനദികളും നിറഞ്ഞുകവിഞ്ഞതിനാല്‍ ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. 1978ന് ശേഷം ഗംഗാനദി കരകവിഞ്ഞ് ഏറ്റവും ഉയര്‍ന്ന നിലയായ 207.2 മീറ്റര്‍ ഉയരം പ്രാപിച്ചിരിക്കയാണ്. സംസ്ഥാനത്ത് അഞ്ഞൂറോളം പാലങ്ങള്‍ ഒലിച്ചുപോയി. നൂറോളം റസ്റ്റ് ഹൗസുകള്‍ നിലംപൊത്തി. നൂറുകണക്കിന് റോഡുകള്‍ നാമാവശേഷമായി. തികച്ചും മൃതനഗരമായിരിക്കയാണ് തീര്‍ഥാടന നഗരി. ഒരു വര്‍ഷത്തേക്ക് ചാര്‍ ധാം (ബദരിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര) നടത്താനാകില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മരണസംഖ്യ ആയിരം കവിയുമെന്ന റിപ്പോര്‍ട്ടും ഇതിന്റെ ഇരട്ടി ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന വിവരവും ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട കെട്ടിടങ്ങളിലും കുന്നിന്‍മുകളിലുമൊക്കെ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആര്‍മിയും അര്‍ധസൈനിക വിഭാഗവും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരുന്നു. കാടുകളിലും ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ടുപോയ തീര്‍ഥാടക സംഘങ്ങളില്‍ നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മഞ്ഞുമലയിടിയുന്നതും ഉരുള്‍പൊട്ടലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. അയ്യായിരത്തോളം സൈനികരും രണ്ട് ഡസനിലേറെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ദുരന്തമേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍ക്കാറിനോടും കേന്ദ്രത്തോടും പരമോന്നത കോടതി ആവശ്യപ്പെട്ടിരിക്കയാണ്. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 25നകം വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിന് 1,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിക്കുന്നതിന് ഇനിയുമേറെ കോടികള്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉത്തരാഖണ്ഡിന് വന്നുപെട്ടിരിക്കുന്ന ഈ ദുരന്തം നേരിടുന്നതിന് വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതാശ്വാസ സഹായം പ്രവഹിക്കേണ്ടുണ്ട്. ഈ വഴിയില്‍ വിവിധ സംസ്ഥാനങ്ങള്‍ സഹായം പ്രഖ്യാപിച്ച് മാതൃക കാണിച്ചിട്ടുമുണ്ട്.
അതേസമയം, പാരിസ്ഥിതിക മേഖലയിലെ അസന്തുലിതാവസ്ഥയും മാനുഷിക ഇടപെടലുകളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന പക്ഷക്കാരാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ഉത്തരാഖണ്ഡിലെ ക്ഷേത്ര നഗരിയിലും സമീപ പ്രദേശങ്ങളിലും മുന്‍കരുതലില്ലാതെ എണ്ണമറ്റ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചതും അശാസ്ത്രീയ റോഡ് നിര്‍മാണവുമാണ് ഇത്രയും വലിയ പ്രകൃതിദുരന്തത്തിന് വഴിയൊരുക്കിയതെന്നും മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും ഇവര്‍ അടിവരയിടുന്നു. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നദിക്കരയില്‍ നിരവധി ലോഡ്ജുകളും കൂറ്റന്‍ കെട്ടിടങ്ങളും നിര്‍മിച്ചത്. ഹിമാചല്‍ പരവതനിരയുടെ വാഹകശേഷിയെക്കുറിച്ച് പഠനം അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ പലപ്പോഴും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കാറില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാലക്രമത്തില്‍ അനുഭവിക്കുമ്പോഴാണ് കണ്ണുതുറക്കുക. സാമൂഹിക ചുറ്റുപാട് മാറുമ്പോള്‍ വികസനവും വഴിയേ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ വികസനം സംരക്ഷിക്കപ്പെടേണ്ട പ്രകൃതിനിയമങ്ങളെയും ചുറ്റുപാടുകളെയും കാണാതെയാകരുതെന്ന് മാത്രം. ഉത്തരാഖണ്ഡിലെ ദുരന്തം ഈ വഴിയില്‍ ചിന്തിക്കാന്‍ നമുക്ക് പ്രേരകമാകേണ്ടതുണ്ട്. അവിടുത്തെ തകര്‍ന്നടിഞ്ഞ നഗരങ്ങള്‍ പുനരുദ്ധരിക്കാനും ഭാവിയില്‍ പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാനാവുന്ന കെട്ടിടങ്ങള്‍ നര്‍മിക്കാനും കഴിയണം. ഇതിന് പതിനായിരക്കണക്കിന് കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നതിനാല്‍ സഹായഹസ്തങ്ങള്‍ ഈ വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിലേക്ക് നീളണം. ഇതിന് മുമ്പ് ദുരന്തമേഖലയില്‍ എല്ലാം നഷ്ടപ്പെട്ട് ഭക്ഷണവും മറ്റുമില്ലാതെ പ്രയാസപ്പെടുന്ന ആയിരങ്ങളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും കഠിന പ്രയത്‌നം ഉണ്ടാകണം.

Latest